ഉരുള്‍പൊട്ടല്‍ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍; സഹായം നല്‍കാന്‍ ടാസ്‌ക് ഫോഴ്സ്

ഉരുള്‍പൊട്ടല്‍ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി. മന്ത്രിസഭാ ഉപസമിതിയുടെ നിർദേശത്തെ തുടര്‍ന്നാണു നടപടി. റവന്യു റിക്കവറി ഡെപ്യുട്ടി കലക്ടർ കെ.ഗോപിനാഥ് ചെയര്‍മാനായ പ്രത്യേക ദൗത്യസംഘം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

അര്‍ഹമായ ക്ലെയിമുകള്‍ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികളാണു പ്രത്യേക ദൗത്യസംഘം സ്വീകരിക്കുക. ഇതിനായി വിവിധ വകുപ്പുകളുമായി ചേര്‍ന്നു വിവരണശേഖരണം നടത്തും. ദുരന്തത്തിനിരയായവര്‍ എടുത്തിട്ടുള്ള ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിനായി തയാറാക്കും. ദുരന്തത്തിനിരയായവരുടെ ക്യാംപുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്ന ബന്ധുക്കള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണു വിവരങ്ങള്‍ ശേഖരിക്കുക.

ഗ്രാമപഞ്ചായത്തുകള്‍, വില്ലേജ് ഓഫിസുകള്‍ എന്നിവയുടെ സഹകരണവും ഇതിനായി ഉപയോഗപ്പെടുത്തും. ലൈഫ് പോളിസികള്‍, വാഹനങ്ങള്‍, വീട്, കൃഷി, മൃഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സുകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണ്ടെത്തും. തുടര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് അര്‍ഹതയുള്ളവരുടെ പട്ടിക തയാറാക്കും. ശേഖരിച്ച വിവരങ്ങള്‍ സംസ്ഥാനതല നോഡല്‍ ഓഫിസര്‍ മുഖേന നടപടികള്‍ക്കായി കൈമാറും. 

ലീഡ് ബാങ്ക് ജില്ലാ മാനേജര്‍, വ്യവസായ കേന്ദ്രം ജില്ലാ മാനേജര്‍, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിക്സ് ഡപ്യുട്ടി ഡയറക്ടര്‍, എന്നിവര്‍ ടാസ്‌ക് ഫോഴ്സില്‍ അംഗങ്ങളാണ്. സിവില്‍ സ്റ്റേഷന്‍ ആസൂത്രണ ഭവന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥിതിവിവരണ കണക്ക് വിഭാഗം ഓഫീസ് കേന്ദ്രീകരിച്ചാണ് ടാസ്‌ക് ഫോഴ്‌സിന്റെ  പ്രവര്‍ത്തനം. ഫോണ്‍ 7012022929, 6238694256.

Leave a Reply

Your email address will not be published. Required fields are marked *