സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി; ഓരോ ജില്ലയിലും പഠനം വേണം

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണു കോടതിയുടെ ചോദ്യം. ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണമെന്നും ക്വാറികൾക്കും മറ്റും അനുമതി നൽകേണ്ടത് ഇതിന്റെ അടിസ്ഥാനത്തിൽ വേണമെന്നും കോടതി നിർദേശിച്ചു.

ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവരെ കേസിൽ കക്ഷി ചേർത്തു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി, അഡ്വ.രഞ്ജിത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

പരിസ്ഥിതി ദുരന്തങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വേണം. വിവിധ വകുപ്പുകൾ പലതരത്തിലാണു നടപടികൾ എടുക്കുന്നത്. വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്നും കോടതി നിർദേശിച്ചു. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട കേസ് എല്ലാ വെള്ളിയാഴ്ചയും കോടതി പരിഗണിക്കും. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കണ്ടെത്തി അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നയങ്ങൾ മാറണമെന്നും കോടതി പറഞ്ഞു. നയം മാറ്റത്തിനായി ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ പരിശോധിക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *