പാരിസ് ഒളിംപിക്സിലെ വെങ്കലമെഡൽ നേട്ടത്തോടെ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ച മലയാളി താരം പി.ആർ. ശ്രീജേഷ് പരിശീലക സ്ഥാനത്തേക്ക് എത്തും. ദേശീയ മാധ്യമങ്ങളാണ് ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനാകുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടും. വിരമിക്കൽ തീരുമാനത്തിൽ പുനർവിചിന്തനത്തിനു സാധ്യതയില്ലെന്ന് ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഈ മെഡൽനേട്ടം വയനാട് ഉരുൾപൊട്ടലിന്റെ ദുരിതമനുഭവിക്കുന്നവർക്ക് സമർപ്പിക്കുന്നതായും ശ്രീജേഷ് പ്രതികരിച്ചു.
അതേസമയം വെങ്കലമെഡലുമായി ഹോക്കിയോട് വിടപറയുന്ന മലയാളി താരം പി.ആർ ശ്രീജേഷിന് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ രംഗത്തു വന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സച്ചിൻ ശ്രീജേഷിനെ അഭിനന്ദിച്ചത്. ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ സ്പെയിനെ തോൽപിച്ചാണ് ഇന്ത്യ വെങ്കല മെഡൽ നിലനിർത്തിയത്.