വഖഫ് നിയമ ഭേദഗതി ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചു. 31 അംഗ സമിതിയിൽ 17 പേരും ഭരണപക്ഷ എംപിമാരാണ്. ലോക്സഭയിൽ നിന്ന് ഇരുപത്തൊന്നും രാജ്യസഭയിൽ നിന്ന് പത്തും എം.പിമാരാണ് സമിതിയിലുള്ളത്. അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ച സമിതി റിപ്പോർട്ട് സമർപ്പിക്കും.
കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇരുസഭയിലും അംഗങ്ങളെ പ്രഖ്യാപിച്ചത്. കോൺഗ്രസിൽ നിന്ന് നാല് അംഗങ്ങളുണ്ട്. ഇ.ടി മുഹമ്മദ് ബഷീർ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേരളത്തിൽ നിന്ന് സമിതിയിൽ ആരുമില്ല. എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി, ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്, കോണ്‍ഗ്രസ് അംഗങ്ങളായ ഗൗരവ് ഗോഗോയ്, ഇമ്രാന് മസൂദ് എന്നിവര്‍ സമിതിയിലുണ്ട്.
രാജ്യസഭയിലെ കുറഞ്ഞ അംഗബലം നിലവിൽ ബില്ല് പാസാക്കിയെടുക്കാൻ പ്രതിസന്ധിയാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. പാർലമെന്റിൽ പിന്തുണയ്ക്കുമ്പോഴും വഖഫ് ബില്ലിൽ ടി.ഡി.പിക്കും ജെ.ഡി.യുവിനും എതിർപ്പുണ്ടെന്നാണ് സൂചന.