കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അബൂദബിയിലെ ഖസർ അൽ വതൻ ലൈബ്രറിയിൽ സന്ദർശിച്ചവരുടെ എണ്ണത്തിൽ 46 ശതമാനം വർധന രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യ പകുതിയിൽ 2,70,000 പേരാണ് ലൈബ്രറിയിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സന്ദർശകരുടെ എണ്ണം 1,85,000 ആയിരുന്നു. തലസ്ഥാനത്തെ വളരെ പ്രശസ്തമായ സാംസ്കാരിക ഇടമായി അറിയപ്പെടുന്ന ലൈബ്രറി അബൂദബി അറബിക് ലാംഗ്വേജ് സെന്ററുമായി അഫിലിയേറ്റ് ചെയ്താണ് പ്രവർത്തിക്കുന്നത്. താമസക്കാർ, ടൂറിസ്റ്റുകൾ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്.
ഇവിടെ എത്തുന്ന സന്ദർശകർക്ക് വിവിധ ഗവേഷക പ്രബന്ധങ്ങൾ, റിപ്പോർട്ടുകൾ, സർവവിജ്ഞാന കോശം, വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട അത്യപൂർവ രേഖകൾ, അപൂർവ പുസ്തകങ്ങൾ, ബുക്ക് സമ്മറീസ് എന്നിവയിലൂടെ സമഗ്ര സാംസ്കാരിക, വിജ്ഞാന അനുഭവങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. വിലമതിക്കാനാവാത്ത വിഭവങ്ങളും ഏകദേശം 50,000 കൃതികളും ഉപയോഗിച്ച് ഗവേഷണ അന്തരീക്ഷത്തെ ലൈബ്രറി പിന്തുണക്കുന്നതായി എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് ഹംദാൻ അൽ തുനൈജി പറഞ്ഞു.
13ാം നൂറ്റാണ്ട് മുതൽ 19ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലെ യൂറോപ്യൻ സഞ്ചാരികളുടെ സാഹിത്യരചനകൾ ഉൾപ്പെടെ അത്യപൂർവ പുസ്തകങ്ങളുടെ ശേഖരവും ലൈബ്രറിയിലുണ്ട്. ശൈഖ് സായിദ് ബുക്ക് അവാർഡ് നേടിയവരുടെ സാഹിത്യ രചനകൾ പ്രദർശിപ്പിക്കാൻ സ്ഥിരം എക്സിബിഷനും അടുത്തിടെ ലൈബ്രറിയിൽ പ്രഖ്യാപിച്ചിരുന്നു.