പാരീസ് ഒളിംപ്ക്സിന് കൊടിയിറക്കം; ആരാകും ഒളിംപിക് ചാമ്പ്യന്മാർ, ചൈനയോ അമേരിക്കയോ?

രണ്ടാഴ്ച്ചക്കാലമായി കായികലോകത്തെ ത്രസിപ്പിച്ച കായികമാമാങ്കത്തിന് കൊടിയിറക്കം. പാരീസ് ഒളിംപ്ക്സിന്റെ സമാപനച്ചടങ്ങ് ഇന്ത്യൻ സമയം അർധരാത്രി 12.30ന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ആരംഭിക്കും. കലാപരിപാടികളും അത്‌ലീറ്റുകൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും ഉൾപ്പെടുന്ന ചടങ്ങ് രണ്ടര മണിക്കൂറോളം നീളുമെന്നാണ് അറിയിപ്പ്. സമാപന മാർച്ച് പാസ്റ്റിൽ, ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോളി പി.ആർ.ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാക വഹിക്കും.

നിലവിൽ 3​9 സ്വർണ മെഡലുകളുമായി ഒന്നാമത് നിൽക്കുന്നത് ചൈനയാണ്, രണ്ടാമത് യുഎസും. എന്നാൽ 42 വെള്ളി നേടിയ അമേരിക്ക ആകെ മെഡൽ നേട്ടത്തിൽ ഏറെ മുന്നിലാണ്. ചൈന ചാമ്പ്യന്മാരായാല്‍ അത് ചരിത്രമാകും. 2008-ല്‍ സ്വന്തംനാട്ടില്‍ നടന്ന ഒളിമ്പിക്സിലാണ് അവര്‍ ഇതിനുമുമ്പ് ഓവറോള്‍ ചാമ്പ്യന്മാരായത്. ഒളിംപിക്സിലെ ഇന്ത്യയുടെ മത്സരങ്ങൾ ഇന്നലെ അവസാനിച്ചിരുന്നു. ഒരു വെള്ളിയും 5 വെങ്കലവുമാണ് പാരിസിൽ ഇന്ത്യയുടെ നേട്ടം.

സമാപന ചടങ്ങിനൊടുവിൽ 2028ൽ നടക്കുന്ന അടുത്ത ഒളിംപിക്സിനു വേദിയാകുന്ന യുഎസിലെ ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *