ഇന്ത്യന്‍ ഓഹരിവിപണി തകരണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് ബിജെപി നേതാവ്

ഇന്ത്യന്‍ ഓഹരിവിപണി തകരണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലിനു പിന്നാലെ കോണ്‍ഗ്രസ് ഉയര്‍ത്തിയ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ഭാ​ഗത്തു നിന്നുള്ള മറുപടി. സാമ്പത്തിക അരാജകത്വ’വും ഇന്ത്യയ്‌ക്കെതിരായ വിദ്വേഷവും സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. സുരക്ഷിതവും സ്ഥിരതയുള്ളതുമായ വിപണിയാണ് ഇന്ത്യയിലേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാം തവണയും തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കാനാണ് കോണ്‍ഗ്രസും അവരുടെ ‘ടൂള്‍കിറ്റ് സഖ്യകക്ഷി’കളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവരികയും ഞായറാഴ്ച കോണ്‍ഗ്രസ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തത് ഓഹരിവിപണിയില്‍ തിരിച്ചടിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇന്ത്യന്‍ ഓഹരിവിപണി ഇന്നും ചാഞ്ചാട്ടമില്ലാതെ നിന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ചെറുകിട നിക്ഷേപകരെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ ഈ ടൂള്‍ക്കിറ്റിലും ഹിന്‍ഡന്‍ബര്‍ബര്‍ഗ് റിപ്പോര്‍ട്ടിലും വിശ്വസിക്കുന്നില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അദാനി ഗ്രൂപ്പ് കമ്പനികളില്‍ വിദേശത്തുനിന്ന് വന്‍തോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി രേഖകളും ഇവര്‍ പുറത്തുവിട്ടു. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മാധബി പുരി ബുച്ചിനും അദാനിക്കും മോദിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മോദി എന്തുകൊണ്ടാണ് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കഠിനാധ്വാനത്തിലൂടെ സത്യസന്ധമായി സമ്പാദിച്ച പണമാണ് ആളുകള്‍ നിക്ഷേപിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ അപകടസാധ്യതയുണ്ട് എന്ന് നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്റെ കടമയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *