കണ്ണടച്ചില്ലുകൾ കണ്ണിൽ തുളച്ചുകയറി; ഡോക്ടർ നേരിട്ടത് അതിക്രൂരമായ പീഡനം, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ബംഗാളിലെ പിജി ഡോക്ടർ നേരിട്ടത് അതിക്രൂരമായ ലൈംഗികപീഡനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഡൽഹി നിർഭയ കേസിലെ യുവതി നേരിട്ടതിന് സമാന ക്രൂരതകൾക്കാണ് ഡോക്ടറും ഇരയായത്. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്.

സംഭവത്തിൽ കൊൽക്കത്ത പൊലീസിൽ സിവിൽ വോളന്റിയറായി പ്രവർത്തിച്ചിരുന്ന സഞ്ജയ് റോയി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് ക്രൂരപീഡനം നടന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശക്തിയായി കഴുത്ത് ഞെരിച്ചതിനാൽ തൈറോയ്ഡ് തരുണാസ്ഥി (തൈറോയ്ഡ് കാർട്ടിലേജ്) തകർന്നു.

പ്രതിയുടെ വികൃതമായ ലൈംഗിക ആസക്തി, ജനനേന്ദ്രിയത്തിലെ അതിക്രൂരമായ പീഡനം എന്നിവമൂലം യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നതായും നാല് പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊക്കിൽ, ചുണ്ടുകൾ, വിരലുകൾ, ഇടതുകാൽ എന്നിവിടങ്ങളിൽ പരിക്കുകളുണ്ടായിരുന്നു. യുവതിയുടെ കണ്ണട തകർന്ന് കണ്ണിലും മുറിവുണ്ടായി. കണ്ണടച്ചില്ലുകൾ കണ്ണുകളിൽ നിന്ന് കണ്ടെത്തിയിരുന്നു. അലറി വിളിക്കാതിരിക്കാൻ മൂക്കും വായും ശക്തായി അമർത്തിപ്പിടിച്ചതിന്റെ അടയാടങ്ങൾ മുഖത്തുണ്ടായിരുന്നു. പ്രതി യുവതിയുടെ തല ശക്തിയായി ചുമരിൽ ഇടിപ്പിക്കുകയും ചെയ്തു. യുവതി ആക്രമണം പ്രതിരോധിച്ചതിന്റെ തെളിവായി പ്രതിയുടെ നഖംകൊണ്ടുള്ള പാടുകൾ മുഖത്തുണ്ടായിരുന്നു. വായും കഴുത്തും ഇടയ്ക്കിടെ ശക്തമായി അമർത്തിപ്പിടിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിയായ സഞ്ജയ് റോയി ജീവനക്കാരനല്ലാതിരുന്നിട്ടും ആശുപത്രി ക്യാമ്പസിൽ പതിവായി എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർദ്ധനഗ്‌നമായ നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന് ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനായില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *