ലോക്സഭാ തെരഞ്ഞെടുപ്പിൽ സഹോദരിക്ക് എതിരെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ തീരുമാനം ; അജിത് പവാർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബന്ധു സുപ്രിയ സുലെയ്‌ക്കെതിരെ ഭാര്യ സുനേത്ര പവാറിനെ മത്സരിപ്പിച്ചത് തനിക്ക് പറ്റിയ തെറ്റാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ‘രാഷ്ട്രീയം വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കരുത്’- പവാർ മറാത്തി വാർത്താചാനലിനോട് പറഞ്ഞു. നിലവിൽ സംസ്ഥാനവ്യാപകമായി ‘ജൻ സമ്മാൻ യാത്ര’ നടത്തുകയാണ് അദ്ദേഹം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് യാത്ര.

ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അജിത് പവാറിൻ്റെ അമ്മാവനായ ശരദ് പവാറിൻ്റെ മകളും സിറ്റിങ് എൻ.സി.പി (എസ്‌.പി) എം.പിയുമായ സുപ്രിയ സുലെയ്‌ക്കെതിരെ ബാരാമതി സീറ്റിൽ നിന്ന് മത്സരിച്ച സുനേത്ര പവാർ പരാജയപ്പെട്ടിരുന്നു.സുനേത്ര പിന്നീട് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ വർഷം ജൂലൈയിൽ അജിത് പവാറും മറ്റ് നിരവധി എം.എൽ.എമാരും ശിവസേന- ബി.ജെ.പി സർക്കാരിൽ ചേർന്നിരുന്നു. ഇത് ശരദ് പവാർ സ്ഥാപിച്ച എൻ.സി.പിയുടെ പിളർപ്പിലേക്ക് നയിച്ചു. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ യഥാർഥ എൻ.സി.പിയായി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *