രക്ഷിതാക്കൾ സൂക്ഷിക്കുക…; മാംഗോ ജ്യൂസ് കുടിച്ച ബാലികയ്ക്കു ദാരുണാന്ത്യം

വിപണിയിൽ നിരവധി ജ്യൂസുകൾ ലഭ്യമാണ്. അതിൻറെ കളറും മധുരവും കുട്ടികൾക്കു വലിയ ഇഷ്ടവുമാണ്. കുട്ടികൾക്കു നമ്മൾ ഇതെല്ലാം വാങ്ങി കൊടുക്കാറുണ്ട്. എന്നാൽ, ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ ചേർത്താണ് ഇത്തരം ജ്യൂസുകൾ നിർമിക്കുന്നതെന്ന് അറിയാമോ.. ഇവയ്ക്കു പഴങ്ങളുമായി നേരിട്ടു ബന്ധമുണ്ടെന്നുള്ളത് വെറും ‘സങ്കൽപ്പം’ മാത്രമാണ്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ സംഭവിച്ച ദാരുണസംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തിരുവണ്ണാമലയിൽ പായ്ക്ക്ഡ് മാംഗോ ജ്യൂസ് കുടിച്ച അഞ്ചു വയസുകാരിക്കു ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിൻറെ മകൾ കാവ്യശ്രീയാണു മരിച്ചത്. വീടിനു സമീപത്തുള്ള പെട്ടിക്കടയിൽനിന്നു വാങ്ങിയ പത്തു രൂപയുടെ മാംഗോ ജ്യൂസ് ആണു കുട്ടി കുടിച്ചത്.

ശീതളപാനീയം കുടിച്ച് ഏതാനും മിനിറ്റുകൾക്കു ശേഷം വായിൽനിന്നും മൂക്കിൽനിന്നും നുരയും പതയുംവന്നു പെൺകുട്ടി ബോധരഹിതയായി നിലംപതിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു.

അവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ചെങ്കൽപട്ട് സർക്കാർ ആശുപത്രിയിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *