സ്വാതന്ത്ര്യ ദിനത്തില്‍ സ്ത്രീകള്‍ക്ക് ഒരു ദിവസത്തെ ആര്‍ത്തവാവധി പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ

78ാം സ്വാതന്ത്ര്യ ദിനത്തില്‍ സ്ത്രീകള്‍ക്ക് ഒരു ദിവസത്തെ ആര്‍ത്തവാവധി പ്രഖ്യാപിച്ച് ഒഡീഷ സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കട്ടക്കില്‍ നടന്ന ജില്ലാ തല ആഘോഷത്തിലായിരുന്നു ഉപമുഖ്യമന്ത്രി പര്‍വതി പരിദയുടെ പ്രഖ്യാപനം. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വനിതകള്‍ക്കും ആര്‍ത്തവ ദിനത്തില്‍ ഒരു ദിവസത്തെ അവധിയാണ് നല്‍കിയിരിക്കുന്നത്.

സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ആര്‍ത്തവ കാലയളവില്‍ ആദ്യത്തെയോ രണ്ടാമത്തെയോ ദിവസം അവധിയെടുക്കാമെന്നുള്ള പ്രഖ്യാപനമാണ് ഒഡീഷ സര്‍ക്കാര്‍ നടത്തിയത്. ഇതോടെ വനിതകള്‍ക്ക് ആര്‍ത്തവാവധി നല്‍കുന്ന മൂന്നാമത്തെ സംസ്ഥാനമായി മാറുകയാണ് ഒഡീഷ. നിലവില്‍ കേരളത്തിലും ബിഹാറിലുമാണ് ആര്‍ത്തവാവധി നല്‍കുന്നത്. 1992 മുതല്‍ ബിഹാറില്‍ എല്ലാ മാസവും രണ്ട് ദിവസം ശമ്പളത്തോട് കൂടിയുള്ള അവധി നടപ്പിലാക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ആര്‍ത്താവവധി നീട്ടി നല്‍കിയത്.

ആര്‍ത്താവാവധിക്കുള്ള സ്ത്രീകളുടെ അവകാശം, ആര്‍ത്തവാരോഗ്യ ഉല്‍പ്പന്നങ്ങളുടെ സൗജന്യ ലഭ്യത ബിൽ 2022 പ്രകാരം സ്ത്രീകള്‍ക്കും ട്രാന്‍സ് വനിതകള്‍ക്കും മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധി നല്‍കുന്നുണ്ടെങ്കിലും ഇതുവരെ ബില്ല് പ്രാബല്യത്തില്‍ വന്നിട്ടില്ല. ആര്‍ത്തവാനുകൂല്യ ബിൽ 2017, ലൈംഗിക, പ്രത്യുല്‍പ്പാദന ബിൽ 2018, ആര്‍ത്താവവകാശ ബില്ല് എന്നീ ബില്ലുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും നടപ്പിലായിരുന്നില്ല. അതേസമയം, സൊമാറ്റോ മുതലായ സ്വകാര്യ കമ്പനികളും ആര്‍ത്താവവധി നല്‍കുന്നുണ്ട്. നേരത്തെ, സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നല്‍കുന്ന പുതിയ നയങ്ങള്‍ വികസിപ്പിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ തൊഴിലിടങ്ങളിലും ശമ്പളത്തോട് കൂടിയുള്ള ആര്‍ത്തവാവധി നിര്‍ബന്ധമാക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അന്നപൂര്‍ണ ദേവി കഴിഞ്ഞ മാസം ലോക്‌സഭയില്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *