കടുത്ത എതിരാളികളായിരുന്ന സമയത്തും കോൺഗ്രസ് പ്രതികാരബുദ്ധിയോടെ പ്രവർത്തിച്ചിരുന്നില്ല; ഉദ്ധവ് താക്കറെ

കടുത്ത എതിരാളികളായി നിന്നിരുന്നപ്പോഴും കോൺഗ്രസ് പ്രതികാര ബുദ്ധിയോടെ പെരുമാറിയിരുന്നില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ പാർട്ടി സ്ഥാപകൻ ബാൽ താക്കറെ നിശിതമായി വിമർശിച്ചിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ ശിവസേന നേതാക്കളുടെ വാതിലിൽ മുട്ടിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ ലക്ഷ്യമിട്ടാണ് ഉദ്ധവ് താക്കറെയുടെ വിമർശനം.

രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് മുംബൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ കോൺഗ്രസ് യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.

‘പണ്ട്, ശിവസേനയും കോൺഗ്രസും കടുത്ത എതിരാളികളായിരുന്നു, പക്ഷേ അവർ ഒരിക്കലും പ്രതികാരബുദ്ധിയോടെ പ്രവർത്തിച്ചിരുന്നില്ല. വെല്ലുവിളികൾ നേരിട്ട പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. എന്നാൽ മണിപ്പൂരിലും കശ്മീരിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇപ്പോഴത്തെ സർക്കാർ, ഒഴിഞ്ഞുമാറി നടക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

അതേസമയം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമായിരിക്കുമെന്ന് മഹാവികാസ് അഘാഡി(എം.വി.എ) യോഗത്തിൽ ഉദ്ധവ് താക്കറെ വ്യക്തമാക്കി. എം.വി.എയുടെ മുഖ്യമന്ത്രിയായി കോൺഗ്രസും എൻ.സി.പി (എസ്പി)യും പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി ആര് വരും എന്നതിനെച്ചൊല്ലി മഹാവികാസ് അഘാഡിയിൽ പ്രശ്നമുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾക്ക് കൂടിയാണ് ഉദ്ധവ് താക്കറെ മറുപടി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *