രാജീവിന്റെ പ്രതിമ സ്ഥാപിച്ചാൽ നീക്കുമെന്ന് കെടിആർ; തൊട്ടുനോക്കൂ എന്ന് വെല്ലുവിളിച്ച് രേവന്ത് റെഡ്ഡി

രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെച്ചൊല്ലി തെലങ്കാനയിൽ കോൺഗ്രസ് – ബി.ആർ.എസ്. വാക്‌പോര്. തെലങ്കാന സെക്രട്ടേറിയറ്റിന് മുൻപിൽ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനം. എന്നാൽ ഇതിൽ ശക്തമായ എതിർപ്പുമായി മുൻ മന്ത്രിയും ബി.ആർ.എസ്. നേതാവുമായ കെ.ടി രാമ റാവു രംഗത്തെത്തി.

സെക്രട്ടേറിയറ്റ് പരിസരത്ത് രാജീവ് ഗാന്ധിയുടെ പ്രതിമ എത്രയും പെട്ടെന്ന് സ്ഥാപിക്കുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചത്. എന്നാൽ, അടുത്തതവണ അധികാരത്തിൽ എത്തുകയാണെങ്കിൽ പ്രതിമ സ്ഥാപിച്ചിടത്ത നിന്ന് നീക്കുമെന്ന് കെ.ടി.ആർ. പറഞ്ഞു. ‘എന്റെ വാക്കുകൾ ‘ചീപ് മിനിസ്റ്റർ’ കുറിച്ചു വെച്ചോ. അധികാരത്തിലെത്തിയാൽ ഉടൻ ഡോ. ബി.ആർ. അംബേദ്കറിന്റെ ചുറ്റുഭാഗത്തുള്ളതെല്ലാം എടുത്ത് കളയും’- കെ.ടി.ആർ. എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

‘ആർക്കെങ്കിലും ധൈര്യമുണ്ടെങ്കിൽ സെക്രട്ടേറിയറ്റ് പരിസരത്ത് സ്ഥാപിക്കുന്ന രാജീവ് ഗാന്ധി പ്രതിമയെ തൊട്ടു നോക്കൂ’ എന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വെല്ലുവിളിച്ചു. തിരികെ അധികാരത്തിൽ എത്തുമെന്ന് കെ.ടി.ആർ. പകൽസ്വപ്നം കാണുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

തെലങ്കാനയിൽ ബി.ആർ.എസിനെ മുൻനിർത്തിയുള്ള ലയന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് പൊതുയിടത്തിൽ പോര് കനക്കുന്നത്. ബിജെപിക്കൊപ്പം ബി.ആർ.എസ്. ലയിക്കുമെന്നും, അതല്ല കോൺഗ്രസിനൊപ്പമാണെന്നുമുള്ള അഭ്യൂഹങ്ങൾ പരക്കെ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ബിജെപി – കോൺഗ്രസ് നേതാക്കൾ തമ്മിൽ രൂക്ഷവാക്‌പോരിനും വഴിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *