അന്യഗ്രഹ ജീവികളുമായുളള സമ്പര്‍ക്കം ചിലപ്പോള്‍ അപകടരമാവും: സുപ്രധാനമായ ചില നീരീക്ഷണങ്ങള്‍ മുന്നോട്ട് വെച്ച് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്

അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില നീരീക്ഷണങ്ങള്‍ മുന്നോട്ട് വെച്ച് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടാകാമെന്നും അവര്‍ മനുഷ്യരേക്കാളും ആയിരം വര്‍ഷങ്ങളുടെ പുരോഗമനം കൈവരിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. രണ്‍വീര്‍ അലാബാദിയയുമായി ഒന്നിച്ചുള്ള ഒരു പോഡ് കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങളെക്കാള്‍ 200 വര്‍ഷം പിറകില്‍ സഞ്ചരിക്കുന്ന ഒരു സംസ്‌കാരത്തെയും 1000 വര്‍ഷം മുന്നില്‍ സഞ്ചരിക്കുന്ന ഒരു സംസ്‌കാരത്തെ കുറിച്ചും സങ്കല്‍പ്പിച്ചു നോക്കൂ.’ അദ്ദേഹം പറയുന്നു. നിലവില്‍ നമുക്ക് കണ്ടെത്താനും അറിയാനുമുള്ള കഴിവിനും അപ്പുറത്തുള്ള അന്യഗ്രഹ ജീവസാധ്യതയെ കുറിച്ചുള്ള ചിന്തകളാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

ചിലപ്പോള്‍ സാങ്കേതികവിദ്യാപരമായും പരിണാമപരമായും മനുഷ്യരേക്കാള്‍ ആയിരം വര്‍ഷങ്ങള്‍ മുന്നില്‍ നില്‍ക്കുന്നവര്‍ ഇവിടെ ഉണ്ടാവാം. നമുക്ക് മനസിലാക്കാന്‍ സാധിക്കാത്ത വിധത്തില്‍ അവര്‍ പ്രപഞ്ചത്തെ നിരീക്ഷിക്കുകയോ സംവദിക്കുകയോ ചെയ്യാം. കോസ്മിക് ജീവികളില്‍ താരതമ്യേന പുതിയ ആളുകളായിരിക്കാം മനുഷ്യർ. അദ്ദേഹം പറഞ്ഞു.

അതേസമയം, അന്യഗ്രഹ ജീവികളുമായി മനുഷ്യര്‍ ഇതുവരെ സമ്പര്‍ക്കം പുലര്‍ത്താത്തതില്‍ സന്തുഷ്ടനാണെന്നും ഐഎസ്ആര്‍ഒ മേധാവി കൂട്ടിച്ചേര്‍ത്തു. ഭൂമിയിലെ ജീവന്‍ ഒരു പൊതു പൂര്‍വികനില്‍ നിന്നാണ് പരിണമിച്ചത്. അന്യഗ്രഹ ജീവികള്‍ വ്യത്യസ്തമായ ജനിതക, പ്രോട്ടീന്‍ ഘടനകള്‍ ഉള്ളവരായിരിക്കാമെന്നും അതിന് കാരണമായി സോമനാഥ് പറയുന്നു. അവരുമായുള്ള സമ്പര്‍ക്കം ചിലപ്പോള്‍ അപകടരമാവും, കാരണം ഒരു ജീവിതരീതി മറ്റൊന്നില്‍ ആധിപത്യം സ്ഥാപിക്കേണ്ടി വരും. അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *