ഫോണ്‍ വഴി പണം അയക്കുമ്പോള്‍ ആള് മാറിയോ?; പരിഹാരവുമായി റിസര്‍വ് ബാങ്ക്

അത്യാവശ്യ ഘട്ടങ്ങളിലെ പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നല്‍കുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. എന്നാല്‍ പലപ്പോഴും യുപിഐ പേമെന്റുകളുടെ കാര്യത്തില്‍ സംഭവിക്കുന്ന അബദ്ധമാണ് തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കുന്നതും അല്ലെങ്കില്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ തുക ട്രാന്‍സ്ഫര്‍ ആയിപ്പോകുന്നതുമൊക്കെ.

പരിചയമുള്ള ഒരാള്‍ക്കാണ് തെറ്റായ തുക അയക്കുന്നതെങ്കില്‍ ആളെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ അപ്പോള്‍ തന്നെ തിരിച്ച് നമ്മുടെ അക്കൗണ്ടിലേക്ക് അയാള്‍ അത് അയച്ച് നല്‍കും. എന്നാല്‍ ഒരു നമ്പറോ യുപിഐ ഐഡിയോ മാറിപ്പോയത് കാരണം ഒരു അപരിചിതനാണ് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതെങ്കില്‍ അയാള്‍ അത് തിരികെ തരണമെന്ന് വലിയ നിര്‍ബന്ധമൊന്നുമില്ല. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാകാറുമുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).

യു.പി.ഐ വിലാസം തെറ്റായി നടത്തിയ ഇടപാടുകളില്‍ പണം തിരികെ ലഭിക്കാനുള്ള സമഗ്രമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. നഷ്ടമായ പണം യുപിഐ ആപ്പ് വഴി തന്നെ തിരിച്ച് പിടിക്കാന്‍ കഴിയുന്നതാണ് ഒന്നാമത്തേത്. തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത പണം അത് സ്വീകരിച്ചയാള്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ യു.പി.ഐ ആപ്പിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമിനെ അറിയിക്കുക. കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ റീഫണ്ട് പ്രക്രിയ ഉടന്‍ തന്നെ അവര്‍ ആരംഭിക്കും.

ആപ്പിന്റെ ഉപഭോക്തൃ പിന്തുണയിലൂടെ പരിഹാരം ലഭിച്ചില്ലെങ്കില്‍, നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എന്‍പിസിഐ) ഒരു പരാതി ഫയല്‍ ചെയ്യുക. കൂടുതല്‍ അന്വേഷണത്തിനായി ഇടപാട് വിശദാംശങ്ങളും അനുബന്ധ തെളിവുകളും നല്‍കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. ഏത് ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണോ പണം അയച്ചത് ആ ബാങ്കിന്റെ ശാഖയില്‍ നേരിട്ടെത്തി പരാതി നല്‍കുകയെന്നതാണ് മറ്റൊരു മാര്‍ഗം. തെറ്റായ യു.പി.ഐ അഡ്രസില്‍ പണമിടപാട് നടന്നാല്‍ 1800-120-1740 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു സഹായം തേടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *