ജനിതക മാറ്റം വരുത്തിയ ഈച്ചകളെ ഉപയോഗിച്ച് മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഓസ്ട്രേലിയയിലുള്ള കുറച്ച് ഗവേഷകർ. ഇതിലൂടെ ഭൂമിയിലെ മാലിന്യപ്രശ്നത്തിന് ഭാഗികമായെങ്കിലും പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്ന് അവർ കരുതുന്നു. ഇങ്ങനെ ബ്ലാക് സോൾജ്യർ ഫ്ലൈ എന്ന ഈച്ചകളിൽ ജനിതക മാറ്റം വരുത്തി സൃഷ്ടിച്ച പുതിയ ഈച്ചകൾ മനുഷ്യർ പുറത്തു തള്ളുന്ന ഓർഗാനിക് മാലിന്യത്തെ ഭക്ഷിക്കും.
അതിനു ശേഷം ലൂബ്രിക്കന്റുകൾ, ബയോഫ്യുവൽ തുടങ്ങി കാലിത്തീറ്റ ആയി വരെ ഉപയോഗിക്കാവുന്ന രാസ ഘടകങ്ങൾ ഇവ ഉൽപാദിപ്പിക്കും. ഓസ്ട്രേലിയയിലെ മക്വയർ സർവകലാശാലയിലെ ഗവേഷകരാണ് പരീക്ഷണത്തിന് പിന്നിൽ. ഇതിലൂടെ ഓർഗാനിക് മാലിന്യങ്ങളിൽ നിന്ന് മീഥെയ്ൻ ഉണ്ടാകുന്നതിൽ കുറവുണ്ടാകും. ആഗോളതാപനത്തിനു വഴിവയ്ക്കുന്ന പ്രധാനപ്പെട്ട വാതകങ്ങളിലൊന്നാണ് മീഥെയ്ൻ. ഭൂമിയിലെ മാലിന്യപ്രശ്നത്തിനെതിരെയുള്ള ഏറ്റവും വലിയ പോരാളികൾ ഭാവിയിൽ ഈച്ചയുൾപ്പെടെ കീടങ്ങളായിരിക്കുമെന്നാണ് മക്വയർ സർവകലാശാലാ ഗവേഷകരുടെ അഭിപ്രായം.