ബം​ഗാളി നടിയുടെ വിശദമൊഴി രേഖപ്പെടുത്തും; രഞ്ജിത്തിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. കൊച്ചി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറിയിരിക്കുന്നത്. നടിയുടെ വിശദമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.

ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് സംവിധായകനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രത്യേക അന്വേഷണസംഘത്തിന്റെ ഗൈഡ്ലൈൻ അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും.

നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണസംഘം കൊല്‍ക്കത്തയിലേക്ക് പോകുമെന്നാണ് വിവരം. ഓണ്‍ലൈനായി മൊഴി രേഖപ്പെടുത്താനുള്ള നിയമസാധ്യതയും എസ്.ഐ.ടി. പരിശോധിക്കുന്നുണ്ട്. കൂടാതെ, എറണാകുളം സി.ജെ.എം. കോടതിയില്‍ പരാതിപ്പെട്ട നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

രഞ്ജിത്ത് സംവിധാനംചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുകയുണ്ടായി. തുടർന്ന് ചർച്ചയുടെ ഭാഗമായി കൊച്ചി കലൂർ കടവന്ത്രയിൽ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് വിളിച്ചു. ചർച്ചയ്ക്കിടെ, കൈയിൽ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഫ്ലാറ്റിൽനിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെന്നും നടി പരാതിയിൽ പറയുന്നു.

സംഭവം നടന്നതിന് അടുത്ത ദിവസം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാൻ സഹായിച്ചത് അദ്ദേഹമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം നടന്ന സ്റ്റേഷൻ പരിധിയിലാണ് പരാതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *