ഭൂമിയിൽ പുരുഷന്മാർ ഇല്ലാതാകും; സ്ത്രീകൾ മാത്രമാകും, വരുന്നത് മനുഷ്യരുടെ അന്ത്യമോ?

പ്രൊസീഡിംഗ്‌സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് മനുഷ്യവംശത്തിൻറെ നിലനിൽപ്പിനെത്തന്നെ ആശങ്കപ്പെടുത്തുന്നതാണ്. മനുഷ്യപ്രത്യുത്പാദനത്തെക്കുറിച്ചായിരുന്നു പഠനം. നിർണായകമായ കണ്ടെത്തലുകളിൽ ഇപ്പോൾ തുടർഗവേഷണങ്ങൾ നടക്കുകയാണ്. പുരുഷലിംഗം നിർണയിക്കുന്നതിൽ നിർണായകമായ Y ക്രോമസോം ക്രമേണ ചുരുങ്ങുകയും ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്തേക്കാമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഇതു പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ലോകത്തിനു കാരണമാകാം. പുരുഷവംശം ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകാമെന്നും ശാസ്ത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

Y ക്രോമസോം ഇല്ലാതാകുമോ

ഗവേഷകർ ഇപ്പോൾ പിന്തുടരുന്ന ജനിതകതല മാറ്റം, ചിലപ്പോൾ ഒരു പുതിയ ലിംഗഭേദം നിർണയിക്കുന്ന ജീനിനെ വികസിപ്പിച്ചേക്കാം. അല്ലെങ്കിൽ മറ്റു പ്രത്യുത്പാദന സംവിധാനങ്ങൾ വികസിച്ചുവരാം. Y ക്രോമസോം ഇല്ലാതാകുന്നതിലൂടെ പ്രത്യുത്പാദനത്തിൻറെ മുഖം മാറുകയും മനുഷ്യകുലത്തിൻറെ നിലനിൽപ്പിനെത്തന്നെ ആശങ്കപ്പെടുത്തുകയും നിലനിൽപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരുകയും ചെയ്യുന്നു. പുരുഷന്മാരുടെ വികാസത്തിനു നിർണായകമായ Y ക്രോമസോം ചുരുങ്ങുകയാണെന്നും ഒടുവിൽ അപ്രത്യക്ഷമാകുമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. സയൻസ് ഫിക്ഷൻ അല്ലെന്നും സ്ത്രീകൾ മാത്രം ജനിക്കുന്ന ഭാവി സംഭവിച്ചേക്കാമെന്നും അവർ അഭിപ്രായപ്പെടുന്നു.

പ്രൊസീഡിംഗ്‌സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസിൽ രണ്ടുവർഷം മുമ്പു പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ Y ക്രോമസോം നഷ്ടപ്പെട്ടതും ഇപ്പോഴും നിലനിൽക്കുന്നതുമായ രണ്ട് എലി വംശങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു. കിഴക്കൻ യൂറോപ്പിലെ മോൾ വോളുകളും ജപ്പാനിലെ സ്‌പൈനി എലികളുമാണ് ഇവ. അമാമി സ്പൈനി എലി (ടോക്കുഡയ ഒസിമെൻസിസ്) ജാപ്പനീസ് ദ്വീപായ അമാമി ഓഷിമയിൽ മാത്രം കാണപ്പെടുന്നു.

മനുഷ്യർ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുമോ

മനുഷ്യർ വികസിച്ചുകൊണ്ടിരിക്കുന്ന 166 ദശലക്ഷം വർഷങ്ങളിൽ Y ക്രോമസോമിന് 900 മുതൽ 55 വരെ സജീവ ജീനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതായത് ഒരു ദശലക്ഷം വർഷത്തിൽ അഞ്ച് ജീനുകളുടെ നഷ്ടം. ഈ നിരക്കിൽ, 11 ദശലക്ഷം വർഷത്തിനുള്ളിൽ അവസാന 55 ജീനുകൾ ഇല്ലാതാകും. അതായത് മനുഷ്യകുലം അസ്തമിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *