സൂര്യപ്രകാശം വിൽക്കാനൊരുങ്ങി ഒരു കമ്പനി; ഭാവിയിൽ ആപ്പുവഴി ഓർഡർ ചെയ്യാം

ആപ്പുവഴി ഫുഡും മറ്റു സാധനങ്ങളും ഓർഡർ ചെയ്യാറില്ലെ? അതുപോലെ രാത്രിയിൽ സൂര്യപ്രകാശവും ഓർഡർ ചെയ്യാൻ പറ്റിയാലോ? കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടല്ലെ? കാലിഫോർണിയയിലെ റിഫ്ലക്റ്റ് ഓർബിറ്റൽ എന്ന സ്റ്റാർട്ടപ്പാണ് ഈ പ്രോജക്റ്റിന്റെ പിന്നിൽ. സൂര്യനിൽ നിന്നുള്ള പ്രകാശം കണ്ണാടികൾ ഉപയോഗിച്ച് ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. ഇതിനായി കൂറ്റൻ കണ്ണാടികൾ ഘടിപ്പിച്ച 57 സാറ്റലൈറ്റുകളെ ബഹിരാകാശത്തേക്ക് അയക്കുകയാണ് ആദ്യ പടി.

ഇക്കഴിഞ്ഞ ഏപ്രിലിൽ ലണ്ടനിൽ നടന്ന ഇൻ്റർനാഷണൽ കോൺഫറൻസ് ഓൺ എനർജി ഫ്രം സ്പേസ് ഉച്ചകോടിയിലാണ് കമ്പനി സിഇഒ ബെൻ നൊവാക്ക് ഈ ആശയം അവതരിപ്പിച്ചത്. ഇത് സോളാർ പാടങ്ങൾക്ക് ​ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറയ്യുന്നത്. ഈ സംവിധാനത്തിലൂടെ രാത്രിയും സോളാർ പാടങ്ങളിലെ പാനലുകളിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിച്ച് ഊർജം ഉത്പാദിപ്പിക്കാനാവും.

കഴിഞ്ഞ ജൂലയിൽ എട്ടടി വീതം നീളവും വീതിയുമുള്ള മൈലാർ കണ്ണാടി ഒരു ഹോട്ട് എയർ ബലൂണിൽ സ്ഥാപിച്ചാണ് ഈ ആശയം വിജയകരമായി നടപ്പിലാക്കാനാവുമോ എന്ന് അവർ പരീക്ഷിച്ചത്. 2025ഓടെ ഈ സംവിധാനം നിലവിൽ വരുമെന്നാണ് കമ്പനി അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *