വിനേഷ് ഫോഗട്ടിനെ പരിഹസിച്ച് ഹരിയാന ബി.​​ജെ.പി നേതാവ്

കോൺഗ്രസിൽ ചേർന്ന വിനേഷ് ഫോഗട്ടിനെ പരിഹസിച്ച് ഹരിയാനയിലെ മുതിർന്ന ബി.ജെ.പി നേതാവ് അനിൽ വിജ്. ‘ദേശ് കി ബേട്ടി’യിൽ നിന്ന് ‘കോങ് കി ബേട്ടി’ ആവാൻ വിനേഷ് ഫോഗട്ട് ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ ഞങ്ങൾ എന്തിന് എതിർക്കണമെന്നായിരുന്നു അനിൽ വിജിന്റെ പരിഹാസം. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയേയും ഫോഗട്ടിനെയും കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഹരിയാന മുൻ ആഭ്യന്തര മന്ത്രിയുടെ ഭാ​ഗത്തു നിന്നും ഇത്തരത്തിൽ ഒരു പരിഹാസം ഉണ്ടായത്.

ആദ്യ ദിവസം മുതൽ തന്നെ ഈ കളിക്കാരെ തങ്ങളോടൊപ്പം കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും അവരുടെ പ്രേരണ മൂലമാണ് ഗുസ്തിക്കാർ ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചതെന്നും അല്ലാത്തപക്ഷം വിഷയം വളരെ മുമ്പുതന്നെ പരിഹരിക്കപ്പെടുമായിരുന്നുവെന്നും വിജ് കുറ്റ​​​പ്പെടുത്തുകയുണ്ടായി.

ഫോഗട്ടും പുനിയയും ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും മറ്റ് മുതിർന്ന നേതാക്കളെയും കാണുകയും ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നതായി എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ​പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ, വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫോഗട്ട് ഇന്ത്യൻ റെയിൽവേയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *