നിധി കിട്ടിയത് മച്ചിൽ നിന്ന്; പെയിന്റിം​ഗ് ലേലത്തിന് വിറ്റത് 11 കോടിക്ക്

ഈ ലോകത്ത് ആരുടെയും കണ്ണിൽപെടാതെ പല സ്ഥലങ്ങളിലും ഒരുപാട് നിധികൾ ഒളിച്ചിരിക്കുന്നുണ്ടാവാം. നിധികൾ സ്വർണമോ ആഭരണങ്ങളോ ആവണമെന്നില്ല, പുരാതനകാലത്തെ വസ്തുക്കൾ പലതിനും കോടികൾ ലഭിക്കും. അങ്ങനെ വർഷങ്ങളോളം ആരുടെയും കണ്ണിൽ പെടാതെ ഇരുന്ന ഒരു പെയിന്റിം​ഗിന് ഒടുവിൽ കിട്ടിയത് 11.7 കോടിയാണ്.

പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് കലാകാരനായ റെംബ്രാൻഡ് ഹാർമൻസൂൺ വാൻ റിജിൻ്റെ പെയിൻ്റിം​ഗാണ് 1.4 മില്യൺ ഡോളറിന് എന്നുവച്ചാൽ ഏകദേശം 11.75 കോടി രൂപക്ക് ലേലത്തിൽ വിറ്റത്. ‘പോർട്രെയിറ്റ് ഓഫ് എ ഗേൾ’ എന്ന് പേരിട്ടിരിക്കുന്ന പെയിൻ്റിംഗ് കറുത്ത വസ്ത്രം ധരിച്ച് ഇരിക്കുന്ന ഒരു പെൺകുട്ടിയുടേതാണ്.

ഇനി അത് എവിടുന്നാണ് കണ്ടെത്തിയതെന്നല്ലെ? ഒരു സമ്പന്ന കുടുംബത്തിൻ്റെ ഫാം ഹൗസിൻ്റെ മച്ചിൽ നിന്നാണ് പെയിൻ്റിംഗ് കണ്ടെത്തിയതെന്നാണ് തോമസ്റ്റൺ പ്ലേസ് ഓക്ഷൻ ഗാലറീസ് ഉടമ കാജ വെയ്‌ലെക്സ് പറയുന്നത്. എന്നാൽ, റെംബ്രാൻഡ് ഈ ചിത്രത്തിൽ തന്റെ ഒപ്പിട്ടിരുന്നില്ല. പക്ഷേ, റെംബ്രാൻഡ് താൻ ചെയ്യുന്ന എല്ലാ പെയിന്റിം​ഗുകൾക്കും ഒപ്പിടുന്ന ആളായിരുന്നില്ല എന്നും ഈ പെയിന്റിം​ഗിന്റെ സ്റ്റൈൽ മാത്രം മതി അത് ഒറിജിനലാണ് എന്ന് തിരിച്ചറിയാൻ എന്നുമാണ് വെയ്ലെക്സ് പറയുന്നത്. ഓ​ഗസ്റ്റിൽ നടന്ന ലേലത്തിൽ 11.7 കോടിക്കാണ് അത് വിറ്റുപോയത്. പെയിന്റിം​ഗ് വാങ്ങിയ ആൾ പേര് പരസ്യപ്പെടുത്താൻ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *