‘ഏഴിലും പ്ലസ് വണ്ണിലും പഠിക്കുമ്പോൾ സിനിമയിൽ നിന്ന് മോശം അനുഭവം’; നടി ദേവകി ഭാഗി

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് സഹ സംവിധായികയും നടിയുമായ ദേവകി ഭാഗി. അന്ന് അഭിനയിക്കാൻ വിളിച്ച സിനിമയുടെ സഹ സംവിധായകൻ മോശമായി പെരുമാറിയതോടെ അഭിനയിക്കാതെ പിന്മാറി. പിന്നീട് പ്ലസ് വണ്ണിന് പഠിക്കുമ്പോൾ വീണ്ടും സിനിമയിലേക്ക് അവസരം വന്നു. അപ്പോഴും സംവിധായാകൻ മോശമായി സംസാരിച്ചെന്ന് കോഴിക്കോട്ട് നടന്ന ഒരു പരിപാടിയിൽ അവർ പറഞ്ഞു.

‘ഏഴാം ക്ലാസിൽ പഠിക്കുന്ന ചെറിയൊരു കുട്ടിക്ക് അങ്ങനെയൊരു അനുഭവമുണ്ടാകുകയെന്ന് പറഞ്ഞാൽ മനസ്സിലാക്കേണ്ടത് സിനിമയിൽ അത്തരം ക്രിമിനൽ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ടെന്ന് തന്നെയാണ്. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ സിനിമയിൽ വീണ്ടും അവസരം ലഭിച്ചു. അന്നു സംവിധായകനാണ് മോശമായി പെരുമാറിയത്. അന്ന് സംവിധായകൻ പറഞ്ഞത് സിനിമയിലെ എല്ലാ സ്ത്രീകളും കാസ്റ്റിങ് കൗച്ചിലൂടെ കടന്നുവന്നിട്ടുള്ളതാണെന്നാണ്. മോളുടെ പേടിയൊക്കെ സ്‌ക്രീൻ ടെസ്റ്റ് കഴിയുമ്പോ മാറുമെന്നും അയാൾ പറഞ്ഞു.

പിന്നീട് ആ സിനിമയിൽ താൽപര്യമില്ലെന്ന് അയാളെ വിളിച്ചുപറയുകയാണുണ്ടായത്. എന്നിട്ടും വീണ്ടും വീണ്ടും സംവിധായകൻ വീട്ടുകാരെ വിളിച്ച് ശല്യം ചെയ്തു. പിന്നീട് ദേഷ്യപ്പെട്ടു പറഞ്ഞപ്പോഴാണ് ശല്യം അവസാനിച്ചത്.’ ദേവകി പറഞ്ഞു. ഈ അടുത്തകാലത്ത് ‘ആഭാസം’ എന്ന സിനിമയിൽ അഭിനയിച്ച പുതിയ കുട്ടികളെ പരിചയപ്പെട്ടപ്പോൾ മനസസ്സിലായത് ഇപ്പോഴും സിനിമയുടെ ഈ ഭീകരവശം ശക്തമായി മുന്നോട്ടുപോകുന്നുണ്ടെന്നാണെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *