നരഭോജി ചെന്നായയുടെ ആക്രമണം; ഉത്തർപ്രദേശിൽ 11 വയസുകാരി ഗുരുതരാവസ്ഥയിൽ

ഉത്തർപ്രദേശിൽ വീണ്ടും നരഭോജി ചെന്നായ്‌ക്കളുടെ ആക്രമണം. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ആക്രമണം വ്യാപകമാവുകയാണ്. ഇന്നലെ രാത്രി 11 വയസുകാരിയെ ചെന്നായ ആക്രമിച്ചു.

കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. രണ്ട് മാസത്തിനിടെ എട്ട് കുട്ടികൾ അടക്കം ഒമ്പത് പേരെയാണ് ചെന്നായ കൊന്നത്. വീടിനുള്ളിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞും ഇതിൽപ്പെടുന്നു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ചില മൃതദേഹങ്ങൾ കണ്ടെത്തിയത്.

ചെന്നായ്ക്കളുടെ ആക്രമണം കടുത്തതോടെ മേഖലയിൽ വലിയ പ്രതിഷേധം നടക്കുകയാണ്. നരഭോജി ചെന്നായ്‌ക്കളെ പിടികൂടാൻ ഓപ്പറേഷൻ ഭേഡിയ എന്ന പേരിൽ വനംവകുപ്പും ജില്ലാ ഭരണകൂടവും പൊലീസും ചേർന്ന് സംയുക്തമായി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. രാത്രി പട്രോളിംഗ് അടക്കം നടത്തുന്നുണ്ട്.

ഇതിനിടെ അഞ്ച് നരഭോജി ചെന്നായ്ക്കളെ പിടികൂടുകയും ചെയ്തു. ചെന്നായ ആക്രമണം രൂക്ഷമായതോടെ ജില്ലയിലെ മുപ്പതോളം ഗ്രാമങ്ങൾ നിശ്ചലമായ അവസ്ഥയിലാണ്. നാട്ടുകാർ ജോലിക്കോ കുട്ടികൾ സ്‌കൂളിലോ പോകുന്നില്ല. ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനുമാണ് നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *