ആർഎസ്എസിന്റെ പേരിൽ മുസ്‌ലിങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു: യുഡിഎഫ് – എൽഡിഎഫ് നേതാക്കൾക്കെതിരെ  വിമർശനവുമായി പി.കെ കൃഷ്ണദാസ്

യു.ഡി.എഫ് – എൽ.ഡി.എഫ് നേതാക്കൾക്കെതിരെ വിമർശനവുമായി ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷണദാസ്. ആർ.എസ്.എസിന്റെ പേരിൽ മുസ്‌ലിങ്ങൾക്കിടയിൽ ഭയാശങ്ക സൃഷ്ടിക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കുവാനാണ് പ്രതിപക്ഷനേതാവിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു.

ഭരണകക്ഷി എം.എൽ.എ. സംസ്ഥാന മുഖ്യമന്ത്രിക്കും അഭ്യന്തര വകുപ്പിനെതിരെയും ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അതിനെതിരെ ശബ്ദിക്കാതെ എ.ഡി.ജി.പി. എം.ആർ അജിത്കുമാർ ആർ.എസ്.എസ്. നേതാവിനെ കണ്ടത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. എ.ഡി.ജി.പി., ആർ.എസ്.എസ്. നേതാവിനെ കണ്ടത് പ്രതിപക്ഷനേതാവ് വലിയ പ്രശ്നമാക്കുമ്പോൾ കോൺഗ്രസ് – ആർ.എസ്.എസ്. ബന്ധം പറഞ്ഞ് അതിനെ പ്രതിരോധിക്കുവാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യസുരക്ഷക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്നതും സംസ്ഥാനത്തെ ക്രമസമാധാനനില തകർച്ചയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും ക്രമസമാധാന ചുമതലയുളള എ.ഡി.ജി.പി.ക്കുമുള്ള പങ്കിനെക്കുറിച്ചുമൊക്കെ ഭരണകക്ഷി എം.എൽ.എ ആരോപണം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിയെ സംരക്ഷിക്കുവാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കൊലപാതകം, അഴിമതി, സ്വർണ്ണക്കടത്ത്, ഫോൺ ചോർത്തൽ എന്നീ ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകുന്ന വി.ഡി. സതീശൻ പിണറായി വിജയന്റെ ഗോൾ കീപ്പറായി മാറിയതായും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *