തകർത്തടിച്ച് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ; ദുലീപ് ട്രോഫിയില്‍ സി ടീം മികച്ച സ്‌കോറിലേക്ക്

മടങ്ങിവരവ് ​ഗംഭീരമാക്കി ഇഷാൻ കിഷൻ. ദുലീപ് ട്രോഫി രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ ബി ടീമിനെതിരെ സി ടീമിനായി സെഞ്ച്വറി നേടിയിരിക്കുകയാണ് ഇഷാന്‍. ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തിൽനിന്ന് പരുക്കുമൂലം പുറത്തായ ശേഷം അപ്രതീക്ഷിതമായി അവസാന നിമിഷം രണ്ടാം മത്സരത്തിൽ തിരിച്ചെത്തിയ ഇഷാൻ കിഷൻ ലഭിച്ച അവസരം മുതലെടുക്കുക തന്നെയായിരുന്നു. നിലവിൽ ഇന്ത്യ സിയുടെ ടോപ് സ്കോററായ ഇഷാൻ കിഷൻ 126 പന്തിൽ നിന്ന് 111 റൺസെടുത്ത് പുറത്തായി.

ഇഷാന്റെ സെഞ്ച്വറിക്കൊപ്പം അര്‍ധ സെഞ്ച്വറിയടിച്ച് ബാബ ഇന്ദ്രജിത്തും പുറകെയുണ്ട്. ഇതോടെ സി ടീം മികച്ച സ്‌കോര്‍ ആദ്യ ദിനത്തില്‍ തന്നെ സ്വന്തമാക്കി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സി ടീം 5 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് 46 റൺസോടെയും മാനവ് സുതർ എട്ടു റൺസോടെയും ക്രീസിലുണ്ട്.

സായ് സുദര്‍ശന്‍ (43), രജത് പടിദാര്‍ (40) എന്നിവരും തിളങ്ങി. അഭിഷേക് പൊരേല്‍ (12) എന്നിവരും പുറത്തായി. ബി ടീമിനായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നവ്ദീപ് സയ്‌നി, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *