സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം: 3 പേർ അറസ്റ്റിൽ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം. ആശുപത്രിയിലെ  ഡോക്ടർ അടക്കമുള്ള സംഘമാണ് കൂട്ടബലാത്സംഗത്തിനു ശ്രമിച്ചത്. ബലാത്സംഗ ശ്രമത്തിൽനിന്നു രക്ഷപ്പെട്ട നഴ്സ്, ഡോക്ടറുടെ ലൈംഗികാവയവം ബ്ലേഡ് ഉപയോഗിച്ചു ഛേദിച്ചു. സമസ്തിപുർ ജില്ലയിലെ മുസ്‌റിഘാരരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗാപുരിലുള്ള ആർബിഎസ് ഹെൽത് കെയർ സെന്ററിലാണു സംഭവം.

ജോലി പൂർത്തിയാക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, ആശുപത്രി നടത്തിപ്പുകാരൻകൂടിയായ ഡോക്ടർ സഞ്ജയ് കുമാറും മറ്റു രണ്ടു പേരുംകൂടി മദ്യപിച്ചെത്തിയത്. സ്ഥലത്തെത്തിയ ഇവർ നഴ്സിനെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവരിൽനിന്നു കുതറിയോടിയ നഴ്സ് ബ്ലേഡ് ഉപയോഗിച്ച് ഡോക്ടറുടെ ലൈംഗികാവയവം ഛേദിച്ചുകളയുകയായിരുന്നു. ആശുപത്രിക്കു പുറത്ത് ഒളിച്ചിരുന്ന ഇവർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. 

സ്ഥലത്തെത്തിയ പൊലീസ്, ഡോക്ടറെയും മറ്റു രണ്ടു പേരെയും അറസ്റ്റ് ചെയ്തു. സുനിൽ കുമാർ ഗുപ്ത, അവധേഷ് കുമാർ എന്നിവരാണു മറ്റു രണ്ടു പേർ. നഴ്സിനെ ആക്രമിക്കുന്നതിനു മുൻപ് പ്രതികൾ ആശുപത്രി പൂട്ടിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ക്യാമറകളും ഓഫാക്കി വച്ചിരുന്നു. സ്ഥലത്തുനിന്ന് മദ്യക്കുപ്പി, നഴ്സ് ഉപയോഗിച്ച ബ്ലേഡ്, രക്തംപുരണ്ട വസ്ത്രങ്ങൾ, മൂന്ന് സെൽഫോണുകൾ തുടങ്ങിയവയും കണ്ടെടുത്തു. മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനമാണ് ബിഹാർ. അതുകൊണ്ട് മദ്യപിച്ചെന്ന കുറ്റവും മൂന്നു പേർക്കെതിരെ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *