മീററ്റില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണു: 10 പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്തുപേര്‍ക്ക് ദാരുണാന്ത്യം. മീററ്റിലെ സാക്കിര്‍ കോളനിയിലെ മൂന്നുനില കെട്ടിടമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. എല്ലാവരെയും പുറത്തെടുത്തെങ്കിലും പത്തുപേര്‍ മരിച്ചു. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. സ്‌നിഫര്‍ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്., അഗ്നിശമന സേന, പോലീസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പ്രദേശത്തെ മറ്റു കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയര്‍ത്തുന്നുണ്ട്. അപകടകാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു.

വിവിധ കുടുംബങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിനുള്ളില്‍ 15 പേരാണ് കുടുങ്ങിയതെന്ന നിഗമനത്തിലെത്തിയത്. ഇനിയും മനുഷ്യജീവന്‍ ഇല്ല എന്ന് ഉറപ്പാക്കുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു. 15 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് 15 പേരെയും പുറത്തെടുക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *