ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്ന കശ്മീർ ജനതയുടെ കയ്യിൽ ഇന്ന് പേനയും പുസ്കങ്ങളും: പ്രധാനമന്ത്രി

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ റെക്കോര്‍ഡ് വോട്ടിംഗ് ശതമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കാലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്ന ജമ്മു കശ്മീര്‍ ജനതയുടെ കയ്യില്‍ ഇപ്പോള്‍ പുസ്തകങ്ങളും പേനകളുമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നിവരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇവര്‍ കാരണം കശ്മീരിലെ ഹിന്ദുക്കള്‍ക്ക് സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

സമാനമായ രീതിയില്‍ അക്രമങ്ങളും അതിക്രമങ്ങളും സഹിച്ചവരാണ് കശ്മീരിലെ സിഖ് കുടുംബങ്ങള്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കാശ്മീരി ഹിന്ദു, സിഖ് സമുദായങ്ങള്‍ക്കെതിരായ അനീതിയ്ക്ക് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളും കാരണക്കാരണെന്ന് അദ്ദേഹം ആരോപിച്ചു. 

അതേസമയം, പത്ത് വര്‍ഷത്തിനിടെ ആദ്യമായി നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗാണ് ജമ്മു കശ്മീരില്‍ രേഖപ്പെടുത്തിയത്. ജമ്മു കശ്മീരില്‍ 60.21 ശതമാനം പോളിംഗാണ് ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പോളിംഗാണിത്. മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 25നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 1ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ 8നാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *