‘പ്രവാസികള്‍ രാജ്യത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ , രാഷ്ട്രദൂതർ’; ന്യൂയോർക്കിലെ പ്രസംഗത്തിൽ മോദി

അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ അമേരിക്കയുമായും അമേരിക്കയെ ഇന്ത്യയുമായും പ്രവാസികൾ ബന്ധിപ്പിച്ചു. ലോകത്തെ സംബന്ധിച്ചിടത്തോളം എ.ഐ. എന്നാല്‍ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസാണ്. എന്നാൽ തനിക്കത് അമേരിക്കയുടേയും ഇന്ത്യയുടേയും ഒത്തൊരുമ കൂടിയാണ്. ഇതാണ് ലോകത്തിൻ്റെ പുതിയ എ.ഐ. ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

“പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങളെ ‘രാഷ്ട്രദൂതര്‍ ‘ എന്ന് വിളിക്കുന്നത്. നിങ്ങൾ ഏഴ് കടലുകൾക്ക് അപ്പുറമാണെങ്കിലും രാജ്യവുമായി നിങ്ങളെ അകറ്റാൻ ഒരു സമുദ്രത്തിനും സാധിക്കുകയില്ല, എവിടേക്ക് പോയാലും നാം ഒരു കുടുംബമാണ്.

വൈവിധ്യത്തെ മനസ്സിലാക്കുകയും അതിൽ ജീവിക്കുകയും ചെയ്യുന്നത് നമ്മുടെ രക്തത്തിലുള്ളതാണ്. വിവിധ ഭാഷകളാൽ സമ്പന്നമായ ഒരു രാജ്യത്ത് നിന്നാണ് നമ്മൾ വരുന്നത്, ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും മതങ്ങളുടെയും ഭവനമാണ് ഭാരതം. നമ്മൾ ഐക്യത്തോടെ മുന്നേറുകയാണ്.

നിങ്ങളെല്ലാവരും ദൂരദേശങ്ങളിൽനിന്ന് ഇവിടെ വന്നവരാണ്. നിങ്ങളിൽ ചിലർ പഴയ മുഖങ്ങളാണ്. ചിലർ പുതിയ മുഖങ്ങളാണ്. ഇവിടെ എനിക്ക് ലഭിക്കുന്ന സ്നേഹത്തിന് ഞാൻ നന്ദിയുള്ളവനാണ്. ഞാൻ പലതവണ ഇവിടെ സന്ദർശിക്കാൻ എത്തിയിട്ടുണ്ട്. പ്രസി‍ഡന്റ് ജോ ബൈഡൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഊഷ്മളത ശരിക്കും സ്പർശിക്കുന്നതായിരുന്നു.

ഈ ബഹുമതി 140 കോടി ഇന്ത്യക്കാർക്കും ഇവിടെ താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്. ബൈഡനും നിങ്ങൾക്കും ഞാൻ നന്ദി പറയുന്നു. 2024 ലോകത്തിന് പ്രാധാന്യമുള്ള വർഷമാണ്. ചില രാജ്യങ്ങൾ സംഘർഷത്തിലും പോരാട്ടത്തിലും ഏർപ്പെട്ടിരിക്കുമ്പോൾ മറ്റു പലരും ജനാധിപത്യത്തെ ആഘോഷിക്കുന്നു. ജനാധിപത്യത്തിന്റെ ഈ ആഘോഷത്തിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ചു നിൽക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *