ലിപ്സ്റ്റിക്ക് ഉപയോഗിച്ചു; ചെന്നൈയിലെ ആദ്യ വനിതാ ദഫേദാറിനെ സ്ഥലംമാറ്റിയെന്ന് ആരോപണം, വിവാദം

ഒരു ലിപ്സ്റ്റിക്ക് വിവാദമാണ് ഇപ്പോൾ ചെന്നൈ കോർപറേഷനെ ചൂടുപിടിപ്പിക്കുന്നത്. ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് വിലക്കിയതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ദഫേദാറായ എസ്ബി മാധവിയെ സ്ഥലം മാറ്റിയതാണ് വിവാദങ്ങൾക്ക് കാരണം. ഗ്രേറ്റർ ചെന്നൈ കോർപറേഷനിലെ ആദ്യ വനിതാ ദഫേദാറാണ് മാധവി. മേയറുടെ ഔദ്യോഗിക പരിപാടിക്കെത്തുമ്പോൾ ലിപ്സ്റ്റിക്ക് ഉപയോഗിക്കരുതെന്ന് മാധവിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് അനുസരിക്കാതായതോടെയാണ് തമിഴ്നാട്ടിലെ മണലി സോണിലേക്ക് സ്ഥലം മാറ്റി നടപടിയെടുത്തത്.

ലിപ്സ്റ്റിക്ക് വിലക്കിയുള്ള സർക്കാരിന്റെ ഉത്തരവ് കാണിക്കാൻ മേയർ പ്രിയ രാജന്റെ പേഴ്സണൽ അസിസ്റ്റന്റായ ശിവശങ്കറിനോട് മാധവി ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. നിലവിൽ ദഫേദാറുടെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

‘ലിപ്സ്റ്റിക്ക് ഉപയോഗിക്കരുതെന്ന് നിങ്ങൾ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ ഞാൻ അത് അനുസരിച്ചില്ല. അതൊരു നിയമലംഘനമാണെങ്കിൽ അതുമായി ബന്ധപ്പെട്ട സർക്കാരിന്റെ ഉത്തരവ് എന്നെ കാണിക്കണം.’- മെമ്മോയ്ക്ക് നൽകിയ മറുപടിയിൽ മാധവി പറയുന്നു ഇത്തരം നടപടികൾ മനുഷ്യാവകാശ ലംഘനമാണെന്നും ജോലിയെടുക്കാത്ത തരത്തിലുള്ള തെറ്റുകൾ തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മാധവി വ്യക്തമാക്കുന്നു. അതേസമയം, മാധവി കൃത്യമായി ജോലിക്കെത്തുന്നില്ലെന്നും മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്നുമാണ് മെമ്മോയിൽ പറയുന്നത്.

ഇക്കാര്യത്തിൽ വിശദീകരണവുമായി മേയർ പ്രിയ രംഗത്തെത്തി. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി റിപ്പൺ ബിൽഡിങ്ങിൽ നടന്ന ഫാഷൻ ഷോയിൽ ദഫേദാർ പങ്കെടുത്തത് ഏറെ വിമർശനങ്ങൾക്ക് കാരണമായെന്ന് പ്രിയ വ്യക്തമാക്കുന്നു. ‘ ഇക്കാര്യം അവരെ അറിയിച്ചതാണ്. പെട്ടെന്ന് കണ്ണിലുടക്കുന്ന തരത്തിലുള്ള കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കുകളാണ് ദഫേദാർ ഉപയോഗിക്കാറുള്ളത്. എംബസി അധികൃതരിൽനിന്നും മന്ത്രിമാരുടെ ഓഫീസുകളിൽനിന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എപ്പോഴും വരാറുണ്ട്. അതിനാൽ കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കരുതെന്ന് എന്റെ പി.എ. അവരോട് പറയുക മാത്രമാണ് ചെയ്തത്. ‘ മേയർ വ്യക്തമാക്കുന്നു.

ലിപ്സ്റ്റിക്കുമായി ബന്ധപ്പെട്ടല്ല മാധവിയുടെ സ്ഥലം മാറ്റമെന്നും മേയർ കൂട്ടിച്ചേർക്കുന്നു. 336 വർഷം പഴക്കമുള്ള ചെന്നൈ കോർപറേഷന്റെ ചരിത്രത്തിൽ ആദ്യ ദളിത് വനിതാ മേയറായി വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തി കൂടിയാണ് 30-കാരിയും ഡി.എം.കെ. പ്രവർത്തയുമായ പ്രിയ. എന്നാൽ ഈ നടപടി ആസൂത്രിതമാണെന്നും സിംഗിൾ മദറായ തനിക്ക് ഏറെ ദൂരെയുള്ള മണലിയിലേക്ക് സ്ഥലം മാറ്റം നൽകിയത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മാധവി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *