അർജ്ജുൻ്റെ ലോറിയുടെ കാബിൻ പാടേ തകർന്നു; കാബിനുള്ളിൽ നിന്ന് മണ്ണും ചെളിയും നീക്കം ചെയ്യും

ഷിരൂർ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജ്ജുൻ്റെ ലോറിയുടെ കാബിൻ പാടേ തകർന്ന നിലയിൽ. കാബിനകത്ത് നിന്ന് അർജ്ജുൻ്റേതെന്ന് കരുതുന്ന മൃതദേഹത്തിൻ്റെ ഭാഗം കണ്ടെത്തിയതിന് പിന്നാലെ കൂടുതൽ പരിശോധന നടത്തുകയാണ്.

കാബിനുള്ളിൽ നിന്ന് മണ്ണും ചെളിയും അടക്കം ശേഖരിക്കുകയാണ്. ഇത് ബോട്ടിൽ വിരിച്ച പോളിത്തീൻ ഷീറ്റിലേക്ക് മാറ്റുകയാണ്. കൂടുതൽ മൃതദേഹ ഭാഗം കണ്ടെത്താനാണ് ശ്രമം പുരോഗമിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളാണ് പരിശോധന നടത്തുന്നത്.

നേരത്തെ മൃതദേഹ ഭാഗം കണ്ടെത്തിയ കാബിനുള്ളിലെ ഭാഗത്തുള്ള ചെളിയാണ് പുറത്തെടുത്തത്. ഇത് പിന്നീട് ഫോറൻസിക് ലാബിലേക്ക് അയക്കും. ചെളിയിൽ നിന്ന് കൂടുതൽ മൃതദേഹ ഭാഗം ഉണ്ടെങ്കിൽ അത് ഫോറൻസിക് ലാബിൽ പരിശോധിച്ച് വേർതിരിക്കും.

ഡിഎൻഎ പരിശോധനാ ഫലം ഇല്ലാതെ തന്നെ മൃതദേഹഭാഗങ്ങൾ മുഴുവനായി മരിച്ചയാളുടെ കുടുംബത്തിന് നൽകുമെന്നാണ് ഷിരൂരിൽ നിന്ന് ഒടുവിൽ ലഭിക്കുന്ന വിവരം. ലോറിയിൽ നിന്ന് ആദ്യം കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം കരക്കെത്തിച്ചു. ലോറിയുടെ കാബിൻ കരയിലേക്ക് കയറ്റാനുള്ള തീവ്ര ശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *