ഏറ്റവും സ്വീകാര്യനായ നേതാവ്; സംസ്ഥാന ചരിത്രത്തിൽ മികച്ച പ്രകടനം നടത്തിയ സർക്കാരിന്റെ നായകനായിരുന്നു ഉദ്ധവ് താക്കറെ: ആദിത്യ താക്കറെ

മുൻ മുഖ്യന്ത്രിയായ പിതാവ് ഉദ്ധവ് താക്കറെയാണ് നിലവിൽ മഹാരാഷ്ട്രയിൽ ഏറ്റവും സ്വീകാര്യനായ വ്യക്തിയെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ. ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ ജയിപ്പിക്കുന്ന പാർട്ടിയിൽനിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് മഹാവികാസ് അഘാഡിയിലെ കോൺഗ്രസും എൻസിപി പവാർ പക്ഷവും പറയുന്നത്. കോൺഗ്രസ് പാർട്ടി ഏറ്റവും കൂടുതൽ സീറ്റു നേടിയാൽ ശിവസേന എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു ആദിത്യ.

‘‘സംസ്ഥാന ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ സർക്കാരിന്റെ നായകനായിരുന്നു ഉദ്ധവ് താക്കറെ. ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ സമ്മാനിക്കാൻ അദ്ദേഹത്തിനായി. സംസ്ഥാനത്തിന്റെ ഏതുകോണിൽ അന്വേഷിച്ചാലും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ മാത്രമേ പറയാനുണ്ടാകൂ. നിലവിൽ സംസ്ഥാനത്തെ ഏറ്റവും സ്വീകാര്യനായ നേതാവാണ് അച്ഛൻ’’– ആദിത്യ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റും മുഖ്യമന്ത്രിസ്ഥാനവും ലക്ഷ്യമിട്ടാണു ശിവസേനാ ഉദ്ധവ് പക്ഷത്തിന്റെ നീക്കം. സഖ്യകക്ഷികളായ കോൺഗ്രസിനും പവാർ പക്ഷത്തിനും സമ്മതമെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ തയാറാണെന്നു ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണം എന്ന നിലപാടിലാണ്.

‘‘മുഖ്യമന്ത്രി എന്ന നിലയിലുള്ള എന്റെ പ്രവർത്തനത്തെ മഹാ വികാസ് അഘാഡി സഖ്യത്തിലെ എല്ലാ കക്ഷികളും അംഗീകരിച്ചിട്ടുള്ളതാണ്. വീണ്ടും ആ കസേരയിൽ ഇരിക്കണമെന്നു പ്രത്യേക താൽപര്യമൊന്നുമില്ല. എന്നാൽ, ഉത്തരവാദിത്തം ഏറ്റെടുക്കാൻ സഖ്യകക്ഷികൾ ആവശ്യപ്പെട്ടാൽ ഓടിമാറുകയുമില്ല’’– ഉദ്ധവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *