അൻവറിന്റെ ആരോപണങ്ങൾ തള്ളുന്നു; ഉദ്ദേശ്യം വ്യക്തമാണ്, അദ്ദേഹം തന്നെ അത് തുറന്ന് പറഞ്ഞു: വിശദമായ മറുപടി പിന്നീടെന്ന് മുഖ്യമന്ത്രി

തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഇടത് എം.എല്‍.എ. പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.വി. അന്‍വര്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന് പിന്നിലെന്ന സംശയമുണ്ടായിരുന്നു. ഒരു എം.എല്‍.എ. എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതില്‍ അദ്ദേഹം തൃപ്തനല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. നേരത്തെ സംശയിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ട്ടിക്കും എല്‍.ഡി.എഫിനും സര്‍ക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് അന്‍വര്‍ ഇന്നലെ പറഞ്ഞിട്ടുള്ളത്. എല്‍.ഡി.എഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പറയുന്നതും കേട്ടു. ഉദ്ദേശ്യം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്ന് പറഞ്ഞു. എല്‍.ഡി.എഫില്‍നിന്ന് വിട്ടുനില്‍ക്കുന്നുന്നുവെന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ പങ്കെടുക്കില്ലെന്നും സ്വയം അറിയിച്ചു. അദ്ദേഹം പറഞ്ഞതിന് വിശദമായി മറുപടി പറയേണ്ടതുണ്ട്. അക്കാര്യങ്ങളിലേക്ക് പിന്നീട് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കും സര്‍ക്കാരിനും എല്‍.ഡി.എഫിനും എതിരെ അന്‍വര്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും തള്ളിക്കളയുന്നു. അത് പൂര്‍ണ്ണമായും എല്‍.ഡി.എഫിനേയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആരോപണമായേ കണക്കാക്കാനാകൂ. ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണസംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. അത് കൃത്യമായി നിഷ്പക്ഷമായി തുടരുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *