യുവ ക്രിക്കറ്റര്‍ മുഷീര്‍ ഖാന് കാറപകടത്തിൽ ​ഗുരുതര പരിക്ക്; ഇറാനി ട്രോഫി, രഞ്ജി ട്രോഫി മത്സരങ്ങള്‍ നഷ്ടമായേക്കും

മുംബൈയുടെ യുവ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് കാറപകടത്തില്‍ പരിക്ക്. മുംബൈയുടെ യുവ സൂപ്പര്‍ ബാറ്ററും സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീര്‍ ഖാനാണ് അപകടത്തിൽപ്പെട്ടത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാനി കപ്പിനായി അസംഗഢില്‍നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെടുന്നതിനിടെ ഇന്നെ വൈകിട്ടാണ് സംഭവം. കാര്‍ അഞ്ചോളം തവണ റോഡില്‍ മലക്കം മറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മുഷീര്‍ ഖാൻ, പിതാവ് സര്‍ഫറാസ് ഖാന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല.

പരിക്ക് ​ഗുരുതരമായതിനാൽ ഏകദേശം മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരും എന്നാണ് വിവരം. അതിനാല്‍ ഇറാനി ട്രോഫി, രഞ്ജി ട്രോഫിയുടെ പ്രാരംഭ ഘട്ടം ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങള്‍ മുഷീറിന് നഷ്ടമായേക്കും. കഴിഞ്ഞ ഒരു വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തിറക്കിക്കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച താരങ്ങളില്‍ ഒരാളാണ് മുഷീര്‍.

അടുത്തിടെ നടന്ന ദുലീപ് ട്രോഫിയിലും ഇന്ത്യ ബിയിക്കായി മുഷീര്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇന്ത്യ എ യ്‌ക്കെതിരേ 181 റണ്‍സാണ് താരം നേടിയത്. മുഷീറിന്റെ ഇന്നിങ്‌സ് ബലത്തില്‍ ടീം വിജയിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ 15 ഇന്നിങ്‌സുകളില്‍നിന്നായി 716 റണ്‍സാണ് മുഷീർ സമ്പാദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *