മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോഡിനേറ്ററുടെ ചുമതല

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോഡിനേറ്ററുടെ ചുമതല. പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലത്ത് കേന്ദ്രകമ്മിറ്റിയുടെയും പി.ബിയുടെയും മേല്‍നോട്ട ചുമതലയാണ് കാരാട്ടിന് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം.

കോഡിനേറ്ററുടെ നേതൃത്വത്തില്‍ പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്ക് കൂട്ടായ ചുമതല നല്‍കാനായിരുന്നു സി.പി.എം. പൊളിറ്റ്ബ്യൂറോ യോഗത്തിലുണ്ടായ ധാരണ.

ഏപ്രിലില്‍ തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും. അതുവരെയുള്ള ദൈനംദിന കാര്യങ്ങളുടെയും പാര്‍ട്ടി കോണ്‍ഗ്രസിനാവശ്യമായ സംഘടനാ തയ്യാറെടുപ്പുകളുടെയും ചുമതല പി.ബി. അംഗങ്ങളുള്‍പ്പെട്ട താത്കാലിക സംവിധാനത്തിനായിരിക്കും. പി.ബി. അംഗങ്ങളുടെ മേല്‍നോട്ടച്ചുമതലയാണ് പ്രകാശ് കാരാട്ടിന് നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയം, സംഘടനാരേഖ എന്നിവ സംബന്ധിച്ച പ്രാരംഭചര്‍ച്ചകളും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *