‘കോടതിമുറിയാണ് കഫേ അല്ല, യെസ് എന്ന് പറയണം’; അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്

കോടതിയെ അഭിസംബോധന ചെയ്യുമ്പോൾ ‘യാ’ എന്ന വാക്ക് ഉപയോഗിച്ചതിന് അഭിഭാഷകനെ ശകാരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ‘യാ’ പ്രയോഗം തനിക്ക് അലർജിയുണ്ടാക്കുന്നതാണെന്നും ഇത് കോടതിമുറിയാണ് കഫേ അല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് 2018-ൽ സമർപ്പിച്ച ഹർജിയിൽ വാദത്തിനിടെയാണ് ചന്ദ്രചൂഡിന്റെ പരാമർശം. ഇതൊരു ആർട്ടിക്കിൾ 32 ഹർജിയാണോയെന്നും ഒരു ജഡ്ജിയെ പ്രതിയാക്കി നിങ്ങൾക്കെങ്ങനെ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഈ സമയത്താണ് അഭിഭാഷകൻ ‘യാ, യാ’ എന്ന് പറഞ്ഞുകൊണ്ട് മറുപടി പറഞ്ഞു തുടങ്ങിയത്. ഇതോടെ ചീഫ് ജസ്റ്റിസ് ഇടപെടൽ നടത്തി. ‘ഇതൊരു കോഫീ ഷോപ്പല്ല, എന്താണ് യാ, യാ. യെസ് എന്ന് പറയണം. ഇത് കോടതിയാണ്. ഈ യാ, യാ എനിക്ക് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് അനുവദിക്കാനാകില്ല’ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *