ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി

മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടി, ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പരാതിയുമായി രംഗത്ത്.

ഓണ്‍ലൈനായിട്ടാണ് നടി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. നടന്‍ ബാലചന്ദ്രമേനോനെതിരെയും യുവതി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി.

ജാഫര്‍ ഇടുക്കി റൂമില്‍ വച്ച്‌ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലചന്ദ്ര മേനോനെതിരെയും ജാഫര്‍ ഇടുക്കി തുടങ്ങിയ നടന്‍മാര്‍ക്കെതിരെയും ലൈംഗികാരോപണങ്ങളുന്നയിച്ച്‌ ഈ നടി യൂട്യൂബ് ചാനലുകള്‍ക്കും ഓണ്‍ലൈനുകള്‍ക്കും അഭിമുഖം നല്‍കിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ നടി പരാതി നല്‍കിയത് ഇന്നാണ്. 

‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഭയന്നാണ് പരാതി നല്‍കാതിരുന്നതെന്നും പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചിരുന്നു. 

അവസരം വാഗ്ദാനം ചെയ്താണ് ദുബായിലുണ്ടായിരുന്ന തന്നെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലിലായിരുന്നു താമസിച്ചത്. ഇവിടെ എത്തിയ തന്നോട് സിനിമയുടെ കഥ പറയാനുണ്ടെന്നും മുറിയിലേക്ക് വരണമെന്നും ബാലചന്ദ്രമേനോന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച്‌ മുറിയിലെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. മുറിയില്‍ നിന്നു ദേഷ്യപ്പെട്ടാണ് ഞാന്‍ ഇറങ്ങി പോയത്.

എന്നാല്‍ പിറ്റേദിവസം രാത്രി മുറിയിലെത്തിയ ബാലചന്ദ്രമേനോന്‍ തന്നെയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി.ഭയം കൊണ്ടാണ് ഇത്രയും നാള്‍ എല്ലാം മൂടി വച്ചതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ എല്ലാം തുറന്നു പറയാനുള്ള ധൈര്യം സംഭരിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. ഇതേ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നടന്‍ ജയസൂര്യയ്ക്കെതിരെയും ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്.

നേരത്തേ സമൂഹ മാധ്യമങ്ങളില്‍കൂടി അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്രമേനോന്‍ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരേയും നടിയുടെ അഭിഭാഷകനെതിരേയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലചന്ദ്രേമനോനെതിരേ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതില്‍ നടപടി വേണമെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *