ചായ കുക്കറിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ: അടിപൊളി

മലയാളികൾക്ക് ജീവിതത്തിന്റെ ഭാഗമാണ് ചായ. സന്തോഷം വന്നാലും സങ്കടം വന്നാലും ചായ കുടിക്കുന്നവരുണ്ട്. ചായ കുടിക്കാതിരുന്നാൽ തലവേദന അനുഭവിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടാവും. ഇത്തരത്തിൽ ചായ പ്രേമികളെ സന്തോഷിപ്പിക്കാൻ ഒരു വെറൈറ്റി ചായ റെസിപ്പി പരിചയപ്പെട്ടാലോ?

സാധാരണ അടുപ്പിൽ ചായപാത്രം വച്ച് അതിൽ വെള്ളമൊഴിച്ച് ചായപ്പൊടി ചേർത്ത് തിളപ്പിച്ചതിനുശേഷം പാലൊഴിച്ച് തിളവരുമ്പോൾ വാങ്ങി അരിച്ചെടുത്താണ് ചായ തയ്യാറാക്കുന്നത്. പഞ്ചസാര ആവശ്യമുള്ളവർ തിള വരുന്നതിനായി മുൻപായി പഞ്ചസാര ചേർക്കുകയോ അവസാനം ചേർത്തിളക്കുകയോ ചെയ്യും. എന്നാൽ ഇങ്ങനെയല്ലാതെ കുക്കറിൽ അടിപൊളി രുചിയിൽ ചായ തയ്യാറാക്കാം.

കുക്കറിൽ അടിപൊളി രുചിയിൽ ചായ

ഈ കുക്കർ ചായക്ക് ഹൈദരാബാദി ചായ എന്നും ദം ചായ എന്നും പേരുണ്ട്. ആദ്യം ഒരു സ്റ്റീൽ ഗ്ളാസിൽ അര ഗ്ളാസ് വെള്ളമെടുത്തതിനുശേഷം ഒരു കോട്ടൺ തുണികൊണ്ട് മൂടി കെട്ടിവയ്ക്കാം. ഇതിന് മുകളിലായി കടുപ്പത്തിന് ആവശ്യമായ തേയിലപ്പൊടിയും മധുരം ആവശ്യമെങ്കിൽ പഞ്ചസാരയും ഇടണം. കുറച്ച് ഏലയ്ക്കായും കറുവപ്പട്ടയും കൂടി മുകളിലായി ഇട്ടുകൊടുത്താൽ രുചി കൂടും. ഇനി എല്ലാം നന്നായി മിക്‌സ് ചെയ്യണം. അടുത്തതായി ഒരു പ്രഷർ കുക്കർ എടുത്ത് അതിൽ അൽപ്പം വെള്ളമൊഴിച്ചതിനുശേഷം സ്റ്റീൽ ഗ്ളാസ് അകത്ത് വയ്ക്കണം.

ഇനി കുക്കർ സ്റ്റൗവിൽവച്ച് ഒരു അഞ്ച് വിസിൽ കേൾക്കുന്നതുവരെ വെയിറ്റ് ചെയ്യണം. ഈ സമയം ഒരു പാത്രത്തിൽ പാലിൽ ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കാൻ വയ്ക്കാം. വിസിൽ കേട്ടുകഴിഞ്ഞ് കുക്കറിൽ നിന്ന് ഗ്ളാസ് പുറത്തെടുത്ത് തുണിയിലെ സത്ത് നന്നായി പിഴിഞ്ഞെടുക്കാം. ഈ മിശ്രിതം പാലിനൊപ്പം ചേർത്ത് തിളപ്പിക്കുമ്പോൾ സൂപ്പർ ടേസ്റ്റിൽ ദം ചായ റെഡിയായി.

Leave a Reply

Your email address will not be published. Required fields are marked *