മെട്രോ, ട്രാം എന്നിവയിൽ ഇ-സ്കൂട്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. സീറ്റില്ലാതെ മടക്കാവുന്ന ഇ-സ്കൂട്ടറുകൾ നിബന്ധനകൾക്ക് വിധയമായി മെട്രോയിലും ട്രാമിലും ഏത് സമയങ്ങളിൽ കൊണ്ടുപോകാം. എന്നാൽ, 120സെ.മീx70സെ.മീx40സെ.മീ എന്ന നിബന്ധന പാലിച്ചിരിക്കണം. കൂടാതെ ഇ-സ്കൂട്ടറുകളുടെ ഭാരം 20 കിലോയിൽ കൂടാനും പാടില്ല. യാത്രക്കാർക്ക് സുരക്ഷ ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഈ വർഷം മാർച്ച് ഒന്ന് മുതലാണ് ഇ-സ്കൂട്ടറുകൾക്ക് ആർ.ടി.എ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്.
ഇ-സ്കൂട്ടർ ഉപയോഗിക്കാനുള്ള മറ്റ് നിബന്ധനകൾ
- മെട്രോ, ട്രാം എന്നിവയിൽ ഇ-സ്കൂട്ടർ ചാർജ് ചെയ്യാൻ പാടില്ല
- ഡോറുകൾ, ഇരിപ്പിടങ്ങൾ, ഇടനാഴികൾ, അടിയന്തര ഉപകരണങ്ങൾ എന്നിവക്ക് തടസ്സമാകരുത്
- സ്റ്റേഷനുകളിലോ നടപ്പാലങ്ങളിലോ ഓടിക്കരുത്
- സ്റ്റേഷനുകൾ, പ്ലാറ്റ്ഫോമുകൾ, ട്രെയിനുകൾ, ട്രാം എന്നിവയിലേക്ക് പ്രവേശിക്കുമ്പോൾ സ്കൂട്ടർ മടക്കിവെക്കണം.
- മെട്രോ, ട്രാമിന് പരിസരങ്ങളിലുള്ള സമയങ്ങളിൽ സ്കൂട്ടറിന്റെ പവർ ഓഫ് ചെയ്യണം
- ട്രെയിനിനകത്തെ വസ്തുക്കൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുള്ള നീണ്ടുനിൽക്കുന്ന ഭാഗങ്ങൾ മറക്കുകയോ പിൻവലിക്കുകയോ വേണം
- നനഞ്ഞിരിക്കുന്ന അവസ്ഥയിൽ വാഹനം പ്രവേശിപ്പിക്കരുത്
- സ്കൂട്ടർ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് യാത്രക്കാർ ഉത്തരവാദികളാണ്
- മെട്രോ സ്റ്റേഷനുകളിൽ ചെക്ക് ഇൻ/ഔട്ട് ചെയ്യുമ്പോൾ ഇ-സ്കൂട്ടറുകൾ മടക്കിവെക്കുകയും വിശാലമായ ഗേറ്റുകൾ ഉപയോഗിക്കുകയും വേണം
- കേടായ ബാറ്ററികൾ ഉപയോഗിക്കാൻ പാടില്ല
- ഇരട്ട ബാറ്ററി പാടില്ല
- പരിസ്ഥിതി മാലിന്യങ്ങൾ പുറന്തള്ളാൻ പാടില്ല
- അന്താരാഷ്ട്ര നിലവാരത്തിലുള്ള ബാറ്ററികൾ മാത്രമേ ഉപയോഗിക്കാവൂ