അന്ന് റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ സുമലതയ്ക്ക് പരിക്കേറ്റു, നല്ല ലക്ഷണമാണെന്ന് ജോത്സ്യൻ;ബാബു നമ്പൂതിരി

 മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബാബു നമ്പൂതിരി. നിരവധി സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നിരവധി തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുണ്ട്.

ബാബു നമ്പൂതിരിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു നിറക്കൂട്ട്. ഈ സിനിമയിൽ അഭിനയിക്കുന്നതിനിടെ നടി സുമലതയുമായിട്ടുള്ള ഒരു സീനിൽ അപകടം നടന്നതിനെ കുറിച്ച് നടൻ പങ്കുവെച്ച കാര്യങ്ങൾ വൈറലാവുകയാണ്. അന്ന് നായികയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഷൂട്ടിങ് നിർത്തി വെക്കേണ്ട അവസ്ഥ വരെ ഉണ്ടായെന്നും മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ താരം പറയുന്നു.

അഭിമുഖത്തിൽ നിറക്കൂട്ടിലെ വില്ലൻ വേഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ ‘നിറക്കൂട്ടിലെ അജിത്ത് വില്ലത്തരം ഉള്ളിൽ സൂക്ഷിച്ച് പുറത്ത് നല്ല മനുഷ്യനെ പോലെ നടക്കുന്നൊരു കഥാപാത്രമാണ്. സുമലതയുടെ കഥാപാത്രത്തെ അജിത്ത് സ്‌നേഹിച്ചെന്ന് പറയുന്നത് അത്രയും അപരാധമൊന്നുമല്ല. ആരാണെങ്കിലും അങ്ങനെ ആഗ്രഹിക്കും. അത്രയും സൗന്ദര്യമാണ് അവർക്ക്. അത് പ്രേക്ഷകർക്കും മനസിലായത് കൊണ്ടാണ് തന്റെ കഥാപാത്രം പിന്നീട് ശ്രദ്ധിക്കപ്പെട്ടതെന്നാണ് ബാബു നമ്പൂതിരി പറയുന്നത്.

ഇതിന്റെ ചിത്രീകരണ സമയത്ത് സുമലതയ്ക്ക് ഒരു പരിക്ക് പറ്റി. ഞാൻ മന:പൂർവ്വം ചെയ്തത് അല്ലെങ്കിലും അത് വലിയ പ്രശ്‌നമായി. സിനിമയിൽ എന്റെ കഥാപാത്രം സുമലതയെ ബലാത്സംഗം ചെയ്യുന്ന സീനുണ്ട്. നടിയ്ക്ക് ഒരു അടിയൊക്കെ കൊടുത്ത് ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് ഞാൻ എടുത്ത് കൊണ്ട് വരുന്ന സീനാണത്. ഞാനവരെ കൈയ്യിൽ എടുത്തോണ്ട് വരികയാണ്. ഇതിനിടയിൽ നടി തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കും. പക്ഷേ മുറിയിലേക്ക് കയറുന്നതിനിടയിൽ വാതിലിന്റെ സൈഡിൽ അവരുടെ തലയിടിച്ചു. എന്റെ കുഴപ്പം കൊണ്ട് സംഭവിച്ചതല്ല. ആ സീനിൽ സുമലതയ്ക്ക് തല കൊണ്ട് മാത്രമേ അഭിനയിക്കാൻ പറ്റുമായിരുന്നുള്ളു. അങ്ങനെ ചെയ്തപ്പോൾ സംഭവിച്ചതാണ്. അഭിനയമായിരുന്നെങ്കിലും തല ഇടിച്ചതോടെ ചോര വന്നു. ചെറിയൊരു പോറൽ മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും അത് വലിയ വിഷയമായി. സുമലതയ്ക്ക് ആയത് കൊണ്ടാണ് അതൊരു പ്രശ്‌നമായി മാറിയത്.

ഞാൻ കാരണം ഇത്രയും വലിയൊരു താരത്തിന് അപകടം സംഭവിച്ചതിൽ വലിയ വിഷമം തോന്നി. ഈ പ്രശ്‌നം കാരണം ആ സീനിന്റെ ബാക്കിയെടുക്കാനോ മറ്റ് സീനുകളോ എടുക്കാൻ പറ്റിയില്ല. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായി.

സിനിമയുടെ നിർമാതാവ് ജോയി തോമസ് എന്ത് കാര്യത്തിനും ജോത്സ്യനെ കാണുന്ന ആളായിരുന്നു. ഇങ്ങനൊരു പ്രശ്‌നമുണ്ടായതിന് ശേഷം അദ്ദേഹം ജോത്സ്യനെ കാണാൻ പോയി. വളരെ നന്നായെന്നാണ് മറുപടി കിട്ടിയത്. സുമലതയുടെ തല പൊട്ടിയതും അനുബന്ധമായി ഉണ്ടായ പ്രശ്‌നങ്ങളും കാരണം ആ ഷെഡ്യൂൾ പാക്കപ്പ് ആയെങ്കിലും പേടിക്കാനൊന്നുമില്ല. പടം നൂറ് ദിവസം ഓടും. തുടക്കത്തിലെ ചോര കണ്ടില്ലേ, ഇനി കുഴപ്പമൊന്നുമില്ല. നല്ല ലക്ഷണമാണെന്നാണ് ജോത്സ്യൻ പറഞ്ഞത്. ഇക്കാര്യം അറിഞ്ഞത് മുതൽ പിന്നിടങ്ങോട്ട് താനും ഹാപ്പിയായി’ ബാബു നമ്പൂതിരി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *