ടി20 ലോകകപ്പ് ഫൈനലിന്റെ ഗതിമാറ്റി പന്തിന്റെ തന്ത്രം; വെളിപ്പെടുത്തലുമായി രോഹിത് ശർമ

ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഓർമകളാണ് ടി 20 ലോകകപ്പ് ഫൈനല്‍ സമ്മാനിച്ചത്. വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയും, സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചുമെല്ലാം കിരീടപോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തളയ്ക്കാൻ ഇന്ത്യയെ സാഹായിച്ച ഘടകങ്ങളായിരുന്നു. എന്നാൽ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ച മറ്റൊരാളുണ്ടെന്ന വെളിപ്പെടുത്തലുമായി രം​ഗതെത്തിയിരിക്കുകയാണ് അന്നത്തെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ. ഫൈനൽ മത്സരത്തിന്റെ ​ഗതി മാറ്റിയത് ഋഷഭ് പന്തിന്റെ തന്ത്രമാണെന്ന് രോഹിത് ശര്‍മ പറയുന്നു.

മത്സരത്തിന്റെ ഒരുഘട്ടത്തില്‍ 30 പന്തില്‍ 30 റണ്‍സ് എടുത്താല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാമായിരുന്നു. പതിനാറാം ഓവര്‍ എറിഞ്ഞ ബുറ നാലു റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഇതോടെ വിജയിക്കാൻ അവസാന 24 പന്തില്‍ 26 റണ്‍സ് എടുക്കണമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഈ സമയത്താണ് കാര്യങ്ങള്‍ മന്ദഗതിയിലാക്കാന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇടപെട്ടതെന്ന് രോഹിത് വെളിപ്പെടുത്തി. കാല്‍മുട്ടിന് പരിക്കേറ്റ ഋഷഭ് പന്ത് വേദന അനുഭവപ്പെടുന്നു എന്നപേരില്‍ ടീം ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിപ്പിച്ചു. പിന്നാലെ പന്തിന്റെ കാല്‍മുട്ടില്‍ ടീം ഫിസിയോ ടേപ്പ് ഒട്ടിക്കുകയും ചെയ്തു. ഈ ഇടവേള ദക്ഷിണാഫ്രിക്കയുടെ താളം തെറ്റിക്കാന്‍ ഇന്ത്യയെ സഹായിച്ചു.

”ഇതോടെ മത്സരത്തിന്റെ വേഗം കുറഞ്ഞു. അതുവരെ മികച്ച ഫോമിലായിരുന്ന ക്ലാസനും മില്ലറും ഈ ഘട്ടത്തില്‍ എത്രയും വേഗം കളിക്കാനാകും ആഗ്രഹിക്കുക. കളിയുടെ ഫ്ലോ തടഞ്ഞാലേ എന്തെങ്കിലും സാധ്യതയുള്ളൂ എന്നു തിരിച്ചറിഞ്ഞ പന്തിന്റെ തന്ത്രം ഫലിച്ചു. ഇതാണ് ഇന്ത്യ ജയിക്കാനുള്ള ഏക കാരണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, ഇതും ഒരു പ്രധാന കാരണമാണ്” രോഹിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *