ഭീഷണിയായി മില്‍ട്ടണ്‍ കൊടുങ്കാറ്റ്; യൂറോപ്പ ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം മാറ്റി വച്ചു

ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം മാറ്റി വച്ച് നാസയും സ്‌പേസ്എക്‌സും. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയിലേക്കാണ് ക്ലിപ്പര്‍ പേടകം വിക്ഷേപിക്കാനിരുന്നത്. മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഉയർത്തുന്ന ഭീഷണിയെ തുടർന്നാണ് വിക്ഷേപണത്തിന്റെ തീയതി നീട്ടുന്നത്. നേരത്തെ ഒക്ടോബര്‍ പത്തിന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ (KSC) നിന്നാണ് യൂറോപ്പ ക്ലിപ്പര്‍ വിക്ഷേപിക്കാനിരുന്നത്.

ബഹിരാകാശപേടകത്തിന്റെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് നാസയുടെ സീനിയര്‍ ലോഞ്ച് ഡയറക്ടറായ ടിം ഡുന്‍ പ്രതികരിച്ചു. പേടകത്തെ നിലവില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

മില്‍ട്ടണ്‍ കൊടുങ്കാറ്റ് അവസാനിച്ചതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും വിക്ഷേപണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുക. നവംബര്‍ ആറ് വരെയാണ് യൂറോപ്പ ക്ലിപ്പറിനുള്ള ലോഞ്ച് വിന്‍ഡോ തുറന്നിരിക്കുക.

ഓക്‌സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ പ്രതലം ഐസ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അതിനടിയില്‍ സമുദ്രമുണ്ടാകാനിടയുണ്ടെന്നാണ് അനുമാനം. ഇക്കാരണത്താല്‍ ഭൂമിയെ കൂടാതെ ജീവന്‍ നിലനില്‍ക്കാനിടയുള്ള ഇടമായാണ് യൂറോപ്പയെ കണക്കാക്കുന്നത്. 2030-ല്‍ വ്യാഴത്തെയും യൂറോപ്പയെയും ചുറ്റുന്ന ഭ്രമണപഥത്തില്‍ പേടകം എത്തും.

Leave a Reply

Your email address will not be published. Required fields are marked *