ഹിസാറിൽ വിജയം കൊയ്ത് സാവിത്രി ജിൻഡാൽ

ഹരിയാനയിലെ ഹിസാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിന്‍ഡാല്‍ ജയിച്ചു. ബിജെപിയുടെ കമല്‍ ഗുപ്ത, കോണ്‍ഗ്രസിന്‍റെ രാം നിവാസ് രാറ എന്നിവരായിരുന്നു എതിരാളികള്‍.

ബിജെപിയുടെ കുരുക്ഷേത്ര എംപി നവീന്‍ ജിന്‍ഡാലിന്‍റെ മാതാവ് കൂടിയാണ് സാവിത്രി ജിന്‍ഡാല്‍. ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെയായിരുന്നു സാവിത്രി സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്.

സാവിത്രിയുടെ ഭർത്താവും ജിൻഡാൽ ഗ്രൂപ്പ് സ്ഥാപകനുമായ ഓം പ്രകാശ് ജിൻഡാൽ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ (1991, 2000, 2005) ഹിസാറിൽ നിന്ന് വിജയിച്ചിരുന്നു. 2005ൽ ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുമ്പോൾ ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാരിലും മന്ത്രിയായിരുന്നു.ഭർത്താവിൻ്റെ മരണശേഷമാണ് സാവിത്രി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.

ഹിസാര്‍ മണ്ഡലത്തില്‍ നിന്നും രണ്ട് തവണ മത്സരിച്ച് ജയിച്ചിട്ടുണ്ട് സാവിത്രി. 2005-ൽ കോൺഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2009-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജിന്‍ഡാല്‍ 2013ല്‍ ഭൂപീന്ദര്‍ സർക്കാരിൽ മന്ത്രിയായിരുന്നു. 2014ല‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് നവീന്‍ ജിന്‍ഡല്‍ ഉള്‍പ്പെടെയുള്ള ജിന്‍ഡാല്‍ കുടുംബം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്.

ഇക്കുറി നാമനിർദേശ പത്രികയിൽ സാവിത്രി നല്‍കിയ കണക്കുകള്‍ പ്രകാരം ആകെ ആസ്തി 270.66 കോടി രൂപയാണ്. 2009 ലെ തെരഞ്ഞെടുപ്പിൽ ആസ്തി 43.68 കോടി ആയിരുന്നു. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് 113 കോടി വർധിച്ചു. ഫോബ്സ് മാഗസിന്റെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ശതകോടീശ്വരയായ ഏക വനിത സാവിത്രിയാണ്‌. ഈ കഴിഞ്ഞ ആഗസ്തില്‍ ജിൻഡാൽ ഗ്രൂപ്പിൻ്റെ ആസ്തി 39.5 ബില്യൺ ഡോളറായാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ ഒന്നാം സ്ഥാനത്തേക്ക് സാവിത്രി എത്തി. ഇന്ത്യയിലെ 10 ശതകോടീശ്വരന്മാരില്‍ ഒരാളും സാവിത്രിയാണ്.

Leave a Reply

Your email address will not be published. Required fields are marked *