കോൾ പാമർ മികച്ച ഇംഗ്ലീഷ് പുരുഷ ഫുട്ബാൾ താരം; പിന്നിലാക്കിയത് സൂപ്പർ താരങ്ങളെ

മികച്ച ഇംഗ്ലീഷ് പുരുഷ താരമായി കോൾ പാമർ. സൂപ്പർ താരങ്ങളായ ജൂഡ് ബെല്ലിങ്ഹാം, ബുകായോ സാക എന്നിവരെ പിന്തള്ളിയാണ് പാമർ 2023-24 വർഷത്തെ മികച്ച ഇംഗ്ലണ്ട് ഫുട്ബാൾ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നവംബറിൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച പാമർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിലും ചെൽസിക്കായി മികച്ച ഫോമിലാണ് കളിക്കുന്നത്. സീസണിൽ ചെൽസിക്കായി ഏഴു മത്സരങ്ങളിൽ ഇതുവരെ ആറു ഗോളുകളാണ് താരം നേടിയത്.

ദേശീയ ടീമിനായി ഇതുവരെ ഒമ്പത് മത്സരങ്ങൾ പാമർ കളിച്ചിട്ടുണ്ട്. യൂറോ കപ്പിൽ അഞ്ചു മത്സരങ്ങൾ കളിച്ച താരം ഫൈനലിൽ സ്പെയിനെതിരെ വലകുലുക്കിയെങ്കിലും 2-1ന് ടീം പരാജയപ്പെട്ടിരുന്നു. പ്രഫഷനൽ ഫുട്ബാൾ അസോസിയേഷന്‍റെ യുവതാരത്തിനുള്ള 2023-24 വർഷത്തെ പുരസ്കാരവും പാമറിനായിരുന്നു. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 22 ഗോളുകൾ നേടി. കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയിൽനിന്നാണ് പാമർ ചെൽസിയിലെത്തുന്നത്.

നിലവിൽ ഇംഗ്ലണ്ട് ടീമിനൊപ്പം നേഷൻസ് ലീഗിനുള്ള തയാറെടുപ്പിലാണ് താരം. വ്യാഴാഴ്ച ഗ്രീസിനെയും ഞായറാഴ്ച ഫിൻലൻഡിനെയും ഇംഗ്ലണ്ട് നേരിടും. 2010ൽ ആഷ്ലി കോളിനുശേഷം മികച്ച ഇംഗ്ലീഷ് താരമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ചെൽസി താരമാണ് പാമർ. കഴിഞ്ഞ രണ്ടു തവണയും ആഴ്സണൽ താരം ബുകായോ സാകയാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രൈറ്റനെതിരെ ചെൽസി 4-2നു ജയിച്ച മത്സരത്തിലെ നാലു ഗോളുകളും പാമറാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *