രാഹുൽ ഗാന്ധിയ്ക്ക് ഒരു കിലോ ജിലേബി ഓർഡർ ചെയ്ത് ബിജെപി

 ഹരിയാനയിലെ മിന്നും വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ഒരു കിലോ ജിലേബി രാഹുൽ ​ഗാന്ധിയുടെ വസതിയിലേയ്ക്ക് ഓർഡർ ചെയ്താണ് ബിജെപി ഹരിയാനയിലെ വിജയം ആഘോഷമാക്കിയത്. പക്ഷേ, ഓർഡ‍ർ ചെയ്ത ജിലേബി ക്യാഷ് ഓൺ ഡെലിവറി ആണെന്ന് മാത്രം. അക്ബർ റോഡിലുള്ള രാഹുൽ ഗാന്ധിയുടെ വസതിയിലേയ്ക്ക് കൊണാട്ട് പ്ലേസിലെ ബികാനെർവാലയിൽ നിന്നാണ് ജിലേബി ഓർഡർ ചെയ്തത്. 

സ്വി​​ഗ്​ഗിയിൽ നൽകിയ ഓർഡറിൻ്റെ സ്ക്രീൻഷോട്ട് ഹരിയാന ബിജെപി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ബിജെപി പ്രവ‍ർത്തകരെയും പ്രതിനിധീകരിച്ചാണ് രാഹുലിന്റെ വസതിയിലേയ്ക്ക് ജിലേബി അയക്കുന്നത് എന്ന കുറിപ്പും സ്ക്രീൻഷോട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓ‍ർഡർ അനുസരിച്ചുള്ള വിഭവം തയ്യാറാക്കുകയാണെന്നും ക്യാഷ് ഓൺ ഡെലിവറിയാണെന്നും തുടങ്ങിയ കാര്യങ്ങൾ ഓ‍ർഡറിൽ വ്യക്തമായി കാണാം. 

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അധികാരത്തിൽ വരുമെന്നായിരുന്നു ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ എക്സിറ്റ് പോളുകൾ ശരിവെയ്ക്കുന്ന രീതിയിലായിരുന്നു കോൺ​ഗ്രസിന്റെ പ്രകടനവും. ഒരു ഘട്ടത്തിൽ കോൺ​ഗ്രസ് 70ന് മുകളിൽ സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ബിജെപി ഒറ്റ അക്കത്തിലേയ്ക്ക് ഒതുങ്ങുന്ന സാഹചര്യം പോലുമുണ്ടായി. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ തന്നെ എഐസിസി ആസ്ഥാനത്ത് ആഘോഷ പരിപാടികൾ ആരംഭിച്ചിരുന്നു. ജിലേബി ഉൾപ്പെടെയുള്ള മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമൊക്കെ നിരവധി പ്രവർത്തകരാണ് എഐസിസി ആസ്ഥാനത്ത് തടിച്ചുകൂടിയത്. 

അപ്രതീക്ഷിത കുതിപ്പുമായി ബിജെപി മുന്നേറിയതോടെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തിവെയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. കോൺഗ്രസിൻ്റെ വിജയസാധ്യതകളെ തകിടം മറിച്ചുകൊണ്ട് സംസ്ഥാനത്ത് ഹാട്രിക് വിജയം നേടിയതോടെ ബിജെപി പ്രവർത്തകർ ആവേശത്തിലായി. ജിലേബി വിതരണം ചെയ്താണ് ബിജെപി പ്രവർത്തകരും വിജയം ആഘോഷമാക്കിയത്. ചില ബിജെപി നേതാക്കൾ ജിലേബി കഴിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *