ഗണേഷ് കുമാറിനെതിരെ ഉദ്യോ​ഗസ്ഥന്റെ രൂക്ഷ വിമർശനം: വിവാദമായതോടെ മാപ്പ് പറഞ്ഞു

കാറിൽ കുട്ടികളുടെ സീറ്റ്, സീറ്റ് ബെൽറ്റ് നിർദേശത്തിൽ ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാറിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ട നാറ്റ്പാക് ഉദ്യോ​ഗസ്ഥൻ മാപ്പ് പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയാണ് മാപ്പ് പറഞ്ഞത്. നാറ്റ്പാക്കിലെ ഹൈവേ എൻജീനീയറിങ് ഡിവിഷൻ സീനിയർ സയന്റിസ്റ്റ് സുബിൻ ബാബുവാണ് മന്ത്രിയെ വിമർശിച്ച് കഴിഞ്ഞ ദിവസം കുറിപ്പിട്ടത്.

‘സീറ്റ്‌ ബെൽറ്റുമായി ബന്ധപ്പെട്ട ലേഖനത്തിൽ ഒരു തെറ്റായ പരാമർശം വന്നുപോയി. അതിൽ ആരെയും കളിയാക്കുകയോ അധിക്ഷേപിക്കുകയോ ഉദ്ദേശം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ഒഴിവാക്കാമായിരുന്ന ഒരു പരാമർശം വന്നുപോയതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഞാൻ മൂലം ആർക്കെങ്കിലും കളങ്കം വന്നുപോയിട്ടുണ്ടേൽ നിരുപാധികം എന്നോട് ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു. മേലിൽ ഈ വിധം ആവർത്തിക്കാതിരിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധമാണെന്നും ക്ഷമ ചോദിക്കുന്നു’- ഇദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന യോ​ഗത്തിൽ മന്ത്രി ഉദ്യോ​ഗസ്ഥരെ അടച്ചാക്ഷേപിച്ചെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിമർശനം. ലവലേശം വിവരമിലല്ലാത്ത തലപ്പത്തിരിക്കുന്നവർ മറ്റുള്ളവരുടെ മുന്നിൽവെച്ച് രാഷ്ട്രീയ ലാഭത്തിനും ഈ​ഗോ കാണിക്കാനും ആക്ഷേപിക്കുന്നത് കണ്ടെന്ന് ഇയാൾ കുറിച്ചു. താനെന്ത് പൊട്ടനാടോ എന്ന് തിരിച്ചു ചോദിക്കാതെ അവരല്ലെവാരും അപമാനം സഹിച്ചത് തേജോവധം ചെയ്യുമെന്ന് പേടിച്ചിട്ടാണെന്നും സുബിൻ കുറിച്ചിരുന്നു. അളമുട്ടിയാൽ നീർക്കോലിയും കടിക്കുമെന്ന് പൊട്ടത്തരം വിളിച്ചുപറയുന്നവർ ഓർക്കണം. ഇരിക്കുന്ന സീറ്റിന് വിലയുള്ളത് കൊണ്ടാണ് ഉദ്യോ​ഗസ്ഥർ അപമാനം സഹിച്ചതെന്നും ഇദ്ദേഹം കുറിച്ചു. മന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു വിമർശനം. കുറിപ്പ് പിന്നീട് പിൻവലിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *