വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീടുപൂട്ടി ബാങ്ക് പോയി, അമ്മയെയും കുഞ്ഞുങ്ങളെയും പുറത്താക്കി; തുക തിരിച്ചടച്ച് ലുലു ഗ്രൂപ്പ്

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീട് ജപ്തിചെയ്ത് വീട്ടിലെ താമസക്കാരായ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും ഇറക്കിവിട്ടു. ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞതിനെ തുടര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കടബാധ്യത തീര്‍ക്കാന്‍ മുന്നോട്ടുവന്നു. തിങ്കളാഴ്ച വൈകീട്ട് ലുലു അധികൃതരെത്തി 10 ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി. ധനകാര്യ സ്ഥാപനത്തില്‍ അടയ്‌ക്കേണ്ട പലിശ ഉള്‍പ്പെടെയുള്ള കുടിശ്ശിക തുകയായ 8.25 ലക്ഷം രൂപ ചൊവ്വാഴ്ച അടയ്ക്കുമെന്ന് ഉറപ്പും നല്‍കി.

വടക്കേക്കര പഞ്ചായത്ത് മടപ്ലാതുരുത്ത് കണ്ണേഴത്ത് വീട്ടില്‍ സന്ധ്യയും പന്ത്രണ്ടും ഏഴും വയസ്സുള്ള മക്കളുമാണ് ധനകാര്യ സ്ഥാപനത്തിന്റെ നടപടിമൂലം ബുദ്ധിമുട്ടിലായത്. ലൈഫ് ഭവനപദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷം മുന്‍പാണ് നാലുലക്ഷം രൂപ ഇവര്‍ വായ്പ എടുത്തത്. മടപ്ലാതുരുത്തില്‍ ഭര്‍ത്താവിന്റെ പേരിലുള്ള 4.8 സെന്റിലാണ് വീടുപണി തുടങ്ങിയത്. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധന മൂലം പണി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് സന്ധ്യയുടെ പേരില്‍ വായ്പയെടുത്തത്. 2 വര്‍ഷം ഇത് മുടങ്ങാതെ തിരിച്ചടച്ചു. പറവൂരിലെ തുണിക്കടയിലാണ് സന്ധ്യക്ക് ജോലി. 2021-ല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ വായ്പക്കുടിശ്ശിക പെരുകി.

തിങ്കളാഴ്ച ധനകാര്യ സ്ഥാപന അധികൃതര്‍ സന്ധ്യയുടെ വീട്ടിലെത്തി അടഞ്ഞുകിടന്ന വീടിന്റെ താഴ് തകര്‍ത്ത് മറ്റൊരു താഴിട്ടുപൂട്ടി. യുവതി ജോലിക്ക് പോയിരിക്കുകയായിരുന്നു. കുട്ടികള്‍ സ്‌കൂളിലായിരുന്നു. മുന്‍കൂട്ടി അറിയിക്കാതെ ജപ്തി ചെയ്തതറിഞ്ഞ് കുട്ടികളെയും കൂട്ടി ഇവര്‍ വീട്ടിലെത്തി. മരുന്ന് ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ പൂട്ടിയിട്ട വീട്ടിനുള്ളിലായിരുന്നു. എങ്ങോട്ടു പോകുമെന്നറിയാതെ കിടപ്പിടത്തിനു മുന്നില്‍ തരിച്ചിരുന്ന അമ്മയുടെയും മക്കളുടെയും ദുരവസ്ഥ വാര്‍ത്തയായി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രശ്‌നത്തിലിടപെടുകയും യുവതിയെയും കുഞ്ഞുങ്ങളെയും വീട്ടില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ധനകാര്യ സ്ഥാപനത്തോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞതോടെ ലുലു ഗ്രൂപ്പ് സഹായഹസ്തവുമായി രംഗത്തെത്തി. അപ്പോഴേയ്ക്കും ധനകാര്യസ്ഥാപനം പൂട്ടിപ്പോയിരുന്നു. പിന്നീട് പണം ലഭിക്കുമെന്ന് ഉറപ്പായതോടെ ഇവര്‍ വാതില്‍ തുറന്നുകൊടുത്തു. സന്ധ്യയോടെ അമ്മയും കുഞ്ഞുങ്ങളും അകത്തുകയറി. യാതൊരു മുന്നറിയിപ്പുമില്ലാതെ സ്വകാര്യ സ്ഥാപനം ഒരു കുടുംബത്തെ വഴിയാധാരമാക്കിയ നടപടിയില്‍ പ്രദേശവാസികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *