ബാബാ സിദ്ദിഖി കൊല്ലപ്പെട്ട സംഭവം; സല്‍മാന്‍ ഖാനെ ഉപദേശിച്ച് എം.പി ഹര്‍നാഥ് സിങ് യാദവ്

എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തോട് വളരെ അടുപ്പമുണ്ടായിരുന്ന നടന്‍ സല്‍മാന്‍ ഖാന് ഉപദേശവുമായി ബിജെപി എം.പി ഹര്‍നാഥ് സിങ് യാദവ്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാന്‍ ബിഷ്‌ണോയ് വിഭാഗക്കാരോട് മാപ്പ് പറയണമെന്ന് അദ്ദേഹം എക്‌സിലൂടെ ആവശ്യപ്പെട്ടു.

20 വര്‍ഷംമുമ്പ് നടന്ന സംഭവത്തിന്റെ പേരിലാണ് അദ്ദേഹം മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ‘പ്രിയ സല്‍മാന്‍ ഖാന്‍, ബിഷ്‌ണോയ് വിഭാഗക്കാര്‍ കൃഷ്ണമൃഗത്തെ ആരാധിക്കുന്നവരാണ്. നിങ്ങള്‍ അതിനെ വേട്ടയാടി, പാകംചെയ്ത് ഭക്ഷിച്ചു. അതിനാല്‍ ബിഷ്‌ണോയ് വിഭാഗക്കാരുടെ വികാരം വൃണപ്പെട്ടു. നിങ്ങള്‍ക്കെതിരെ രോഷമുണ്ട്. മനുഷ്യര്‍ക്ക് തെറ്റുപറ്റാം.

നിങ്ങള്‍ ഒരു വലിയ നടനാണ്. രാജ്യത്തെ വലിയ ഒരുവിഭാഗം ജനങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്. എനിക്ക് നിങ്ങളെ ഉപദേശിക്കാനുള്ളത് നിങ്ങള്‍ ബിഷ്‌ണോയ് വിഭാഗക്കാരുടെ വികാരം മാനിക്കണം. നിങ്ങള്‍ചെയ്ത തെറ്റിന് മാപ്പ് പറയണം’ – അദ്ദേഹം ആവശ്യപ്പെട്ടു.

ബാബാ സിദ്ദിഖി വധത്തിന്റെ ഉത്തരവാദിത്വം അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു. മുംബൈ ബാന്ദ്രാ ഈസ്റ്റിലുള്ള ഓഫീസില്‍വച്ച് ശനിയാഴ്ചയാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *