മദ്രസകള്‍ക്കെതിരായ നിര്‍ദേശം ഭരണഘടനാ വിരുദ്ധം; ഹുസൈന്‍ മടവൂര്‍

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്ന് കെഎന്‍എം നേതാവ് ഡോ.ഹുസൈന്‍ മടവൂര്‍. കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കുട്ടികളുടെ വിദ്യാഭ്യാസം മുടക്കും, ഈ നിര്‍ദേശം എതിര്‍ക്കപ്പെടണം. ഇക്കാര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി.

ഉത്തരേന്ത്യയിലെ മദ്രസകളില്‍ മതവിദ്യാഭ്യാസം മാത്രമല്ല പൊതുവിദ്യാഭ്യാസവും നല്‍കുന്നുണ്ട്. ബാലാവകാശ കമ്മീഷന്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പൊതുവിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു വേണ്ടത്. ബീഹാറില്‍ മദ്‌റസകളില്‍ 15 ശതമാനം മുസ്ലിങ്ങള്‍ അല്ലാത്തവര്‍ ഉണ്ട്, രാജാറാം മോഹന്‍ റോയ്, മുന്‍ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് എന്നിവര്‍ മദ്‌റസകളില്‍ പഠിച്ചവരാണ്. മദ്‌റസ എന്ന വാക്കിന്റെ ഇംഗ്ലീഷ് അര്‍ഥം സ്‌കൂള്‍ എന്നാണെന്നും ഹുസൈന്‍ മടവൂര്‍ കോഴിക്കോട് പറഞ്ഞു.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ പാക്കിസ്താന്റെ ഏജന്റുമാരല്ലെന്ന് എ.പി. അബ്ദുല്ലക്കുട്ടി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളെ മോശമായി ചിത്രീകരിക്കുന്ന അബ്ദുല്ലക്കുട്ടിക്ക് പ്രത്യേക അജണ്ടയുണ്ടെന്നും ഹുസൈന്‍ മടവൂര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *