കഴിഞ്ഞ ഒമ്പതു മാസത്തിൽ ദുബൈ സന്ദർശിച്ചത് 1.2 കോടി ടൂറിസ്റ്റുകൾ

ഈ വർഷം ജനുവരി മുതൽ ആഗസ്ത് വരെ ദുബൈ നഗരത്തിലെത്തിയത് 1.2 കോടി ടൂറിസ്റ്റുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് ഏഴു ശതമാനം അധികം സന്ദർശകർ ഇത്തവണ എത്തിയെന്നും അധികൃതർ വ്യക്തമാക്കി. എകണോമി ആന്റ് ടൂറിസം വകുപ്പാണ് ദുബൈയിൽ ഈ വർഷം ഇതുവരെ എത്തിയ സഞ്ചാരികളുടെ വിവരങ്ങൾ പുറത്തുവിട്ടത്. ജനുവരിക്കും ആഗസ്തിനും ഇടയിൽ 11.93 ദശലക്ഷം സഞ്ചാരികളാണ് ദുബൈ കാണാനാത്തിയത്. മുൻ വർഷം ഇത് 11.1 ദശലക്ഷം മാത്രമായിരുന്നു.

പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ. 2.32 ദശലക്ഷം സഞ്ചാരികളാണ് ഇവിടെ നിന്നെത്തിയത്. ആകെ സന്ദർശകരുടെ 19 ശതമാനവും യൂറോപ്പിൽ നിന്നാണ്. ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് 2.03 ദശലക്ഷം പേരെത്തി. ആകെ സന്ദർശകരുടെ 17 ശതമാനമാണിത്. ജിസിസി രാഷ്ട്രങ്ങളിൽ നിന്ന് 1.8 ദശലക്ഷം പേരും കിഴക്കൻ യൂറോപ്പിൽ നിന്ന് 1.6 ദശലക്ഷം പേരും ഈ വർഷം ദുബൈ കാണാനെത്തി.

സന്ദർശകരുടെ വരവ് ദുബൈയിലെ ഹോട്ടൽ വ്യവസായത്തെ പുഷ്ടിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. എല്ലാ വിഭാഗം ഹോട്ടലുകളുടെ ബുക്കിങ്ങിലും വർധനയുണ്ടായി. ശരാശരി 76 ശതമാനമായിരുന്നു ഹോട്ടലുകളുടെ ഒകുപൻസി നിരക്ക്. ഹോട്ടലുകൾക്കായി പ്രതിദിനം സഞ്ചാരികൾ ചെലവഴിച്ച തുകയിലും വർധനയുണ്ടായി. ഒരു ദിവസത്തേക്ക് ശരാശരി 503 ദിർഹമാണ് ടൂറിസ്റ്റുകൾ ചെലവിട്ടത്. മുൻ വർഷം ഇത് 487 ദിർഹം മാത്രമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *